ലക്നോ: കൂട്ടമാനഭംഗത്തിനിരയായശേഷം വഴിപോക്കനോടു സഹായമഭ്യർഥിച്ച കാൻസർ രോഗിയായ പെണ്‍കുട്ടി വീണ്ടും മാനഭംഗത്തിനിരയായി. ഉത്തർപ്രദേശ് തലസ്ഥാനത്തിനടുത്ത സരോജിനി നഗറിലാണ് സംഭവം.
വെള്ളിയാഴ്ച വൈകിട്ട് പ്രദേശത്തെ ചന്തയിലേക്ക് പോകവെ, പെണ്‍കുട്ടിക്കു പരിചയമുള്ള യുവാവ് വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയശേഷം ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ സുഹൃത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടി താമസിക്കുന്ന അതേ സ്ഥലത്ത് തന്നെയുള്ള ശുഭവും സുമിത്തുമായിരുന്നു അക്രമികൾ.
ഇതിനുശേഷം ഇവർ കടന്നു. തുടർന്ന് രാത്രി പതിനൊന്നോടെ അതുവഴി ബൈക്കിലെത്തിയ ആളെ തടഞ്ഞുനിർത്തി പെണ്‍കുട്ടി സഹായം അഭ്യർഥിച്ചു. ഇയാളും പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കുകയായിരുന്നു.
ബീരേന്ദ്രയാദവ് ബന്ദാര എന്നയാളോടാണ് പെണ്‍കുട്ടി വഴിയെ എത്തിയപ്പോൾ സഹായം തേടിയത്. ഇയാളെയും സുമിത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാത്രി രണ്ടോടെ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചെത്തിയ പോലീസാണ് പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. ഹരിയാനയിൽ ആറ് വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത് വൻ പ്രതിഷേധത്തിന് കാരണമായതിന് പിന്നാലെയാണ് ഉത്തർപ്രദേശിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്.