കൊല്ലം: പട്ടാപ്പകൽ കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടമ്മയെ ബലാൽസംഗം ചെയ്തു. കൊല്ലം ചിതറയിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
ചിതറ ചല്ലിമുക്ക് സ്വദേശിയായ വിഷ്ണു(22) ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവും കുട്ടിയും വീട്ടിൽ ഇല്ലാത്ത സമയത്താണ് വിഷ്ണു വീട്ടിൽ കയറിയത്. ഇയാൾ കതകിൽ മുട്ടി വിളിച്ചപ്പോൾ ശബ്ദം കേട്ട് യുവതി ജനലിലൂടെ നോക്കി. കുടിക്കാൻ ഇത്തിരി വെള്ളം തരുമോ എന്ന് വിഷ്ണു ചോദിച്ചു.
തുടർന്ന് യുവതി കതക് തുറന്ന് കുടിക്കാൻ വെള്ളം നൽകി. ഒരു ഗ്ലാസ് വെള്ളം കൊടുത്തപ്പോൾ വീണ്ടും ഒരു ഗ്ലാസും കൂടെ ഇയാൾ ചോദിച്ചു. വീണ്ടും വെള്ളം എടുക്കാൻ യുവതി അകത്തേക്ക് കയറിയ സമയത്താണ് വിഷ്ണു വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി അടുക്കളയിൽവച്ച് യുവതിയെ കടന്നുപിടിച്ചത്.
യുവതി ബഹളം വച്ചതോടെ വിഷ്ണു ഓടി രക്ഷപ്പെട്ടു. പിന്നാലെ യുവതി നാട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിഷ്ണുവിനെ പ്രദേശത്ത് നിന്ന് തന്നെ പിടികൂടി.
നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ലഹരിമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.