നാദാപുരം : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും.
മൊയിലോത്തറ തെക്കേ പറമ്പത്ത് സായൂജ് (26), അടുക്കത്ത് പാറച്ചാലിൽ ഷിബു (36), മൊയിലോത്തറ മഞ്ഞീമ്മൽ രാഹുൽ (24), കായക്കൊടി ആക്കൽ പാലോളി അക്ഷയ് (22) എന്നിവരെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് അതിവേഗ (പോക്സോ) കോടതി ജഡ്ജ് എം.ശുഹൈബ് ശിക്ഷിച്ചത്.
ഒന്ന്, മൂന്ന്,നാല് പ്രതികളായ സായൂജ്, രാഹുൽ, അക്ഷയ് എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചപ്പോൾ രണ്ടാം പ്രതിയ്ക്ക് 30 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു.
ഒന്നാം പ്രതി സായൂജ് 1,75, 000 രൂപയും മൂന്നാം പ്രതി രാഹുൽ നാലാം പ്രതി അക്ഷയ് എന്നിവർക്ക് 1,50,000 രൂപയും പിഴ വിധിച്ചു. രണ്ടാംപ്രതി ഷിബു 30 വർഷം കഠിനതടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും നൽകണം. വിവിധ വകുപ്പുകളിലാണ് ശിക്ഷ.
2021 സെപ്റ്റംബർ നാലിനാണ് കേസിനാസ്പദമായ സംഭവം. സായൂജും കാമുകിയായ ദളിത് പെൺകുട്ടിയും സുഹൃത്തായ ഷിബുവും ഒരു ബൈക്കിലും അക്ഷയും രാഹുലും മറ്റൊരു ബൈക്കിലും മരുതോങ്കര പഞ്ചായത്തിലെ ജാനകി കാട്ടിലെത്തുകയായിരുന്നു.
തുടർന്ന് മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി പെൺകുട്ടിയെ ബോധരഹിതയാക്കിയശേഷം ഇവർ കൂട്ടബലാൽസംഗത്തിനിരയാക്കിയ ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കേസ്.
സംഭവശേഷം മനോവിഷമത്തിൽ കുറ്റ്യാടി പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ തെളിവുകളും മറ്റും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നാദാപുരം എഎസ്പിയായിരുന്ന നിധിൻരാജിനായിരുന്നു അന്വേഷണ ചുമതല.
സൈബർസെൽ വിദഗ്ധൻ എം.കെ സുരേഷ് ശാസ്ത്രീയ അന്വേഷണത്തിന് നേതൃത്വം നൽകി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 75 രേഖകളും,11 തൊണ്ടി മുതലുകളും ഹാജരാക്കി. 30 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.