ചെറുതോണി : പത്തുവയസുളള പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ അമ്മയും അമ്മയുടെ കാമുകനും വല്യമ്മയുടെ കാമുകനും റിമാൻഡിൽ. കുട്ടിയുടെ മാതാവിന്റെ കാമുകനായ കോട്ടയം മീനച്ചിൽ സ്വദേശി വിഷ്ണു (27), കുട്ടിയുടെ വല്യമ്മയുടെ കാമുകനായ എറണാകുളം കണയന്നൂർ സ്വദേശി ഇളംതുരുത്തിയിൽ മാത്യു (49), എന്നിവരാണ് പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നത്.
കുട്ടിയുടെ പിതാവ് വർഷങ്ങൾക്കു മുന്‍പ് ഉപേക്ഷിച്ചുപോയതാണ്. പിന്നീട് മാതാവ് പല വീട്ടിലും ഹോംനേഴ്സായി ജോലിചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. അവിവാഹിതനായ വിഷ്ണുവിന്റെ ബന്ധുവിന്റെ വീട്ടിൽ ഹോംനഴ്സായി കുട്ടിയുടെ മാതാവ് ജോലിനോക്കിയിരുന്നു. അന്നുമുതലുള്ള അടുപ്പമാണ് ഇവർക്ക് വിഷ്ണുവുമായുണ്ടായിരുന്നത്.
ജോലിസ്ഥലത്ത് മാതാവ് കുട്ടിയെയും കൊണ്ടുപോകുമായിരുന്നു. ലോഡ്ജിൽമുറിയെടുത്ത് താമസിക്കുന്പോൾ ആളുകളിൽ സംശയം ഉണ്ടാകാതിരിക്കാനായി കുട്ടിയെയും കൂടെകൊണ്ടുപോയിരുന്നു. ഈ സമയമെല്ലാം വിഷ്ണു കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറയുന്നു. കുട്ടിയുടെ മാതാവിന്റെ വളർത്തമ്മയാണ് വല്യമ്മയെന്നുപറയുന്ന സ്ത്രീ. ഇവരുടെ കാമുകനാണ് മാത്യു. വല്യമ്മയോടൊപ്പമാണ് കുട്ടി താമസിക്കുന്നത്.
വല്യമ്മയുടെ കാമുകനും കുട്ടിയെ പീഡിപ്പിക്കുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. നാലാം ക്ലാസിൽ പഠിക്കുന്ന പെണ്‍കുട്ടി ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് പീഡനവിവരം സംബന്ധിച്ച് കത്തയച്ചതിനെതുടർന്നാണ് നടപടിയുണ്ടായത്. സമിതി പ്രവർത്തകർ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
വല്യമ്മയോടൊപ്പം താമസിക്കുന്നത് കുട്ടിക്ക് സുരക്ഷിതമല്ലെന്ന് പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ അവധിക്കാലമായതിനാലും കുട്ടിയുടെ ആഗ്രഹപ്രകാരവും ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിയന്ത്രണത്തിൽ താത്കാലികമായി വല്യമ്മയോടൊപ്പം താമസിക്കാൻ അനുവദിച്ചിരിക്കയാണ്. ഇടുക്കി സിഐയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.