തിരുവല്ല: ജോലി വാഗ്ദാനം ചെയ്തു പാർട്ടി പ്രവർത്തക കൂടിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉടൻ പിടിയിലാകും. സിപിഎം തിരുവല്ല ടൗണ്‍ നോർത്ത് ലോക്കൽ സെക്രട്ടറി സജിമോനെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ പീഡനപരാതിയേ തുടർന്ന് ഇയാൾക്കെതിരേ നടപടിയെടുത്തതായി സിപിഎം നേതാക്കൾ അറിയിച്ചു. പാർട്ടിക്കു ലഭിച്ച പരാതിയേ തുടർന്ന് നേതാവിനെ ജില്ലാ കമ്മിറ്റി കൂടി പുറത്താക്കിയിട്ടുണ്ടെന്നാണ് പറയുന്നത്.
ഭർത്താവ് വിദേശത്തുള്ളതും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയുമായി ബന്ധം സ്ഥാപിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. യുവതിക്കു ജോലി വാഗ്ദാനം നൽകിയായിരുന്നു പീഡനം. ഗർഭിണിയാണെന്നറിഞ്ഞതോടെ സജിമോൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചതായും പറയുന്നു. യുവതിയുടെ സഹോദരനാണ് കഴിഞ്ഞയിടെ തിരുവല്ലയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പരാതി നൽകിയത്.
തുടർന്ന് ജില്ലാ കമ്മിറ്റി വിഷയം ചർച്ച ചെയ്യുകയും നടപടിക്കു തീരുമാനിക്കുകയുമായിരുന്നുവെന്ന് പറയുന്നു. മാതാവ് ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയേ തുടർന്ന് തിരുവല്ല പോലീസ് കേസെടുത്തു. മജിസ്ട്രേറ്റ് യുവതിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.