സാഗർ: ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം തലയറുത്ത് വഴിയിൽ തള്ളി. പെണ്‍കുട്ടിയുടെ സഹോദരൻമാരും അമ്മാവനും ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. അറസ്റ്റിലായ സഹോദരൻമാരിൽ ഒരാൾക്കു പ്രായപൂർത്തിയായിട്ടില്ല.
മധ്യപ്രദേശിലെ സാഗറിൽ ഈ മാസം പതിനാലിനായിരുന്നു സംഭവം. സ്കൂൾ വിട്ടശേഷം ആറാം ക്ലാസ് വിദ്യാർഥിയായ പെണ്‍കുട്ടി വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ മാതാപിതാക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചു. തൊട്ടടുത്ത ദിവസം സമീപത്തെ പാടത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
പോലീസിന്റെ അന്വേഷണത്തിൽ പെണ്‍കുട്ടിയുടെ അമ്മാവൻ ഛോട്ടെ പട്ടേലിന് സംഭവത്തിൽ പങ്കുണ്ടെന്നു കണ്ടെത്തി. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇയാളും ഭാര്യയും ശ്രമിച്ചെങ്കിലും കൂടുതൽ ചോദ്യം ചെയ്തതോടെ കൊലയ്ക്കു പിന്നിൽ ഇയാളാണെന്നു വ്യക്തമായി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരൻമാർക്കും കൊലയിൽ പങ്കുണ്ടെന്നും വ്യക്തമായി. പട്ടേലും പെണ്‍കുട്ടിയുടെ കുടുംബവും തമ്മിൽ ഭൂമിതർക്കം നിന്നിരുന്നു. ഇതാണ് കൊലയ്ക്കു കാരണമായതെന്നാണു പോലീസ് പറയുന്നത്.
പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇതോടെ പട്ടേലിനെയും പെണ്‍കുട്ടിയുടെ രണ്ടു സഹോദരന്മാരെയും പോലീസ് അറസ്റ്റ് ചെയ്തു.
സ്കൂൾ വിട്ടുവന്നപ്പോൾ പ്രതികളായ സഹോദൻമാരിൽ ഒരാളാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അമ്മാവന്റെ വീട്ടിൽവച്ച് പെണ്‍കുട്ടി സഹോദരൻമാരാൽ കൂട്ടമാനഭംഗത്തിനിരയായി. അമ്മാവൻ തിരികെ വീട്ടിൽ എത്തിയപ്പോൾ സംഭവമറിഞ്ഞ് സഹോദരൻമാരെ ശാസിച്ചെങ്കിലും പിന്നീട് ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
പീഡനം പോലീസിനെ അറിയിക്കുമെന്നു പെണ്‍കുട്ടി പറഞ്ഞതോടെ അമ്മാവന്റെ ഭാര്യ പെണ്‍കുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം തലയറുത്ത് മൃതദേഹം പാടത്ത് തള്ളി.
പെണ്‍കുട്ടിയുടെ മൂത്ത സഹോദരനാണ് ഒളിവിൽ പോയിരിക്കുന്നത്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു. മൂത്ത സഹോദരൻ പെണ്‍കുട്ടിയെ മുന്‍പും പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.