ആഥൻസ്: അമേരിക്കൻ ശാസ്ത്രജ്ഞയെ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബങ്കറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ഗ്രീക്ക് ദ്വീപായ ക്രെറ്റയിൽ താമസക്കാരനായ യുവാവ് കുറ്റം സമ്മതിച്ചു. സൂസനെ താൻ പീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി.
ജൂലൈ രണ്ടിനാണു സൂസനെ കാണാതാകുന്നത്. ആറു ദിവസത്തിനുശേഷം ക്രെറ്റയിലെ ബങ്കറിൽ പ്രദേശവാസികൾ ഇവരുടെ മൃതദേഹം കണ്ടെത്തി.
ജർമനിയിലെ പ്രസിദ്ധമായ മാക്സ്പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ മോളിക്യുലർ ബയോളജിസ്റ്റായിരുന്നു സൂസണ്‍. ഒരു കോണ്‍ഫറൻസിൽ പങ്കെടുക്കുന്നതിനായാണ് ഇവർ ഗ്രീസിലെത്തിയത്. ഉപേക്ഷിക്കപ്പെട്ട ബങ്കറിൽ പാറക്കൂട്ടം നിറഞ്ഞ ഭാഗത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്നു ചനിയ പോലീസ് അറിയിച്ചു. ഇതിനു പത്തു കിലോമീറ്റർ അകലെയാണു സൂസനെ അവസാനമായി ആളുകൾ കാണുന്നത്. ബ്രീട്ടീഷ് ശാസ്ത്രജ്ഞനായ ആന്തണി ഹൈമനാണ് സൂസന്റെ ഭർത്താവ്.
പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കാറിന്റെ ഡിക്കിയിലാക്കി സ്ത്രീയുടെ മൃതദേഹം ബങ്കറിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പ്രതി പോലീസിനോടു സമ്മതിച്ചു.
രണ്ടാം ലോകമഹായുദ്ധ കാലത്തു ക്രെറ്റയിൽ അധിനിവേശം നടത്തിയ നാസികൾ ഉപയോഗിച്ചിരുന്നതാണ് ഈ ഗുഹ. ക്രെറ്റയിലെ പ്രധാന വിനോസഞ്ചാര കേന്ദ്രം കൂടിയാണ് ഈ ബങ്കർ.