കോൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പശ്ചിമ ബംഗാളിൽ ഒരാൾക്കു വധശിക്ഷയും മറ്റൊരാൾക്കു ജീവപര്യന്തം തടവും.
മുർഷിദാബാദ് കോടതിയാണ് ഒന്നാം പ്രതി ദിനബന്ധു ഹാൽദറിന് വധശിക്ഷയും രണ്ടാംപ്രതി സുഭോജിത് ഹാൽദറിനു ജീവപര്യന്തവും വിധിച്ചത്. കുറ്റകൃത്യത്തിന്റെ 61-ാം ദിവസമാണ് ശിക്ഷാവിധി. 21 ദിവസത്തിനുള്ളിൽ പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
ഒക്ടോബറിൽ ഫറാക്കയിലാണു സംഭവം. വിജയദശമിദിനത്തിൽ പ്രതികളിലൊരാളായ ദിനബന്ധു പെൺകുട്ടിക്കു പൂക്കൾ നൽകി വശീകരിക്കുകയായിരുന്നു. തുടർന്ന് ഒഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി.
പെൺകുട്ടിയുടെ മൃതദേഹത്തെയും പ്രതികൾ ലൈംഗികവൈകൃതങ്ങൾക്കിരയാക്കി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജോയ് നഗറിൽ പത്തു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വധശിക്ഷയ്ക്കു വിധിച്ച് ദിസങ്ങൾക്കു ശേഷമാണ് സമാനകേസിൽ മറ്റൊരു വധശിക്ഷ.