തൊടുപുഴ: മൂന്നാര്‍ ചിറ്റുവരൈ എസ്റ്റേറ്റില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജാര്‍ഖണ്ഡ് സ്വദേശിക്കായി വ്യാപക അന്വേഷണം. ഇയാള്‍ തമിഴ്നാട് വഴി കടന്നതായാണ് സംശയം. ജാര്‍ഖണ്ഡ് സ്വദേശി സുലൈന് ആണ് സമീപത്ത് താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകളെ പീഡനത്തിനു വിധേയമാക്കിയത്. ഇയാള്‍ സംസ്ഥാനം വിട്ടു പോകാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിക്കും ഭാര്യക്കുമെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രതിക്കായി എസ്റ്റേറ്റിനു സമീപത്തെ വനമേഖലയിലും തെരച്ചില്‍ നടത്തിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയം പ്രതി കുട്ടിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് പരാതി. കുട്ടിയെ കാണാതെ വന്നതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ അവശ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഇവര്‍ ബഹളം വച്ചതോടെ പ്രതി കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നു രക്ഷിതാക്കള്‍ വിവരം ചോദിച്ചതോടെയാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ജാര്‍ഖണ്ഡിലേക്കും അന്വേഷണം വ്യാപിപ്പിക്കും.