ന്യൂഡൽഹി: ഇരയുടെ മൗനം മാനഭംഗത്തിനോ ലൈംഗിക ബന്ധത്തിനോ ഉള്ള സമ്മതമല്ലെന്നു ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ആറ് മാസത്തിലേറെ തുടർച്ചയായി മാനഭംഗം ചെയ്ത കേസിൽ പത്ത് വർഷം തടവിനു ശിക്ഷിച്ചതു ശരിവച്ചാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം.
ഇര മൗനം പാലിച്ചത് ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കണമെന്നായിരുന്നു പ്രതി ഡൽഹി സ്വദേശി മുന്ന വാദിച്ചത്. ഇതു തള്ളിക്കളഞ്ഞ ജസ്റ്റീസ് സംഗീത ദിംഗ്ര സെഹ്ഗാൾ, ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് മൗനം പാലിച്ചതെന്ന ഇരയുടെ നിലപാട് അംഗീകരിച്ചു. സമ്മതമില്ലാതെ നടത്തുന്ന ലൈംഗിക ബന്ധം മാനഭംഗക്കുറ്റമായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി.
രണ്ടാനമ്മയുടെ പീഡനത്തിൽ വീടുവിട്ട് ജോലിതേടി ഡൽഹിയിലെത്തിയ ഉത്തർപ്രദേശ് സ്വദേശിനിയെ ഒരു വൃദ്ധനാണ് മുന്നയുടെ അടുത്തെത്തിച്ചത്. തുടർന്ന് പാനിപ്പത്തിലെ ഫ്ളാറ്റിൽ താമസിപ്പിച്ച പെണ്‍കുട്ടിയെ രണ്ടര മാസത്തോളം തുടർച്ചയായി മാനഭംഗം ചെയ്തെന്നാണ് പോലീസ് കണ്ടെത്തിയത്.
ഫ്ളാറ്റിൽ നിന്നു രക്ഷപ്പെടാതിരിക്കാൻ ലഹരി മരുന്നുകളും നൽകിയിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് നോയിഡയിലെ ഫ്ളാറ്റിലേക്കും ഡൽഹി ശാസ്ത്രി പാർക്കിലെ ഫ്ളാറ്റിലേക്കു കൊണ്ടുപോയതായും യുവതി പറയുന്നു.നോയിഡയിലെ ഫ്ളാറ്റ് ഉടമസ്ഥനായ സുമൻ കുമാറിനെതിരേയുള്ള കുറ്റവും ഹൈക്കോടതി ശരിവച്ചു. തെളിവ് നശിപ്പിക്കാനും യുവതിയെ വിൽക്കാൻ ശ്രമിച്ചതിനുമുള്ള വിവിധ വകുപ്പുകളാണ് സുമൻ കുമാറിനെതിരേ ചുമത്തിയിരുന്നത്.