തിരൂരങ്ങാടി: പന്ത്രണ്ടുവയസുകാരിയായ വിദ്യാർഥിനിയെ പീഡത്തിനിരയാക്കിയ കേസിൽ അന്വേഷണം ആരംഭിച്ചു. ബാലികയുടെ അടുത്തബന്ധുവിന്റെ അറിവോടെയാണ് പീഡിപ്പിച്ചതെന്നു പോലീസ് അറിയിച്ചു. ഇതുസംബന്ധിച്ചു നിലവിൽ രണ്ടു പേരെ അറസ്റ്റു ചെയ്തു. മേലെ ചേളാരിയിലെ കുടൽകുഴിമാട് വീട്ടിൽ അഷ്റഫ് (36), ചേളാരി ചെനക്കലങ്ങാടിയിലെ കരുന്പിൽ ഷൈജു (38) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.
കുട്ടിയുടെ അടുത്ത ബന്ധുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പീഡനത്തെക്കുറിച്ചു കുട്ടി മജിസ്ട്രേറ്റിനു മൊഴി നൽകിയിട്ടുണ്ട്. സ്ഥിരമായി മദ്യപിക്കുന്ന കുട്ടിയുടെ അടുത്ത ബന്ധുവിനൊപ്പം എത്തിയിരുന്നവരാണ് പീഡിപ്പിച്ചതെന്നും കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി തിരൂരങ്ങാടി പോലീസ് അറിയിച്ചു.
വൈദ്യപരിശോധന നടത്തി രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. കഴിഞ്ഞ ദിവസം കുട്ടി സ്കൂൾ അധ്യാപികയോടു വിവരം പറയുകയും അധികൃതർ വിവരമറിയിച്ചതിനെ തുടർന്നു ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷണം നടത്തിയ ശേഷം പോലീസിൽ അറിയിക്കുകയായിരുന്നു. അറസ്റ്റിലായ രണ്ടു പേർക്കെതിരേ പോക്സോ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.