മലപ്പുറം: കോളജ് അധ്യാപികയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്കു രക്ഷപ്പെട്ട യുവാവിനെതിരേ അന്വേഷണം തുടങ്ങി. യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ് സൈറ്റുകളിൽ പ്രചരിപ്പിച്ചതായാണ് പരാതി. പെരുന്പിലാവ് സ്വദേശിയായ കോളജ് അധ്യാപകനെതിരേ കോഴിക്കോട് സ്വദേശിനിയായ കോളജ് അധ്യാപികയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയത്.
നാർക്കോട്ടിൽ സെൽ ഡിവൈഎസ്പി പി.പി. ഷംസ് ആണ് കേസന്വേഷിക്കുന്നത്. മുഹമ്മദ് ഹാഫിസിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജ്മാനിലുള്ള പ്രതി തന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും വിലാസവും ഫോണ് നന്പറും സഹിതം പ്രചരിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിലുള്ളത്.
ലുക്ക് ഒൗട്ട് നോട്ടീസ്
കൊച്ചി പാസ്പോർട്ട് ഓഫീസിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതോടെ പ്രതിയുടെ ലുക്ക് ഒൗട്ട് നോട്ടീസ് പുറവെടുവിക്കുമെന്നു ഡിവൈഎസ്പി അറിയിച്ചു. ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ച് അഞ്ചിനു വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച ശേഷം മാർച്ച് 19നു വിദേശത്തക്കു കടന്നുകളഞ്ഞ യുവാവ് കഴിഞ്ഞദിവസമാണ് അശ്ലീല ചിത്രങ്ങൾ വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചത്. തുടർന്നു കഴിഞ്ഞദിവസം മുതൽ യുവതിയുടെ ഫോണിലേക്കു വിവിധ രാജ്യങ്ങളിൽ നിന്നു കാളുകളും അശ്ലീല സന്ദേശങ്ങളും പ്രവഹിക്കുകയാണ്.
വാട്സ് ആപ്പ്് ഗ്രൂപ്പുകളിലേക്കു ചിത്രങ്ങൾ അയച്ചത് യുവാവിന്റെ ഫോണ്നന്പറിൽ നിന്നാണെന്നു യുവതി പറയുന്നു. സംഭവുമായി ബന്ധപ്പെട്ടു മാർച്ചിൽ താൻ നൽകിയ പരാതിയിൽ കുറ്റിപ്പുറം പോലീസ് നടപടിയെടുത്തില്ലെന്നു യുവതി എസ്പിക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
മുഹമ്മദ് ഹാഫിസ് തന്നെ വിവാഹ വാഗ്്ദാനം നൽകി വഞ്ചിക്കുകയും തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തതായി യുവതിയുടെ പരാതിയിലുണ്ട്. വിവാഹം കഴിക്കാമെന്നു പറഞ്ഞു തന്നെ മതം മാറ്റാൻ ശ്രമിച്ചിരുന്നു. പിന്നീട് തന്നെ അറിയിക്കാതെ ഇയാൾ മസ്്ക്കറ്റിലേക്ക് പോയി. ഇപ്പോൾ അവിടെ ഒരു വസ്ത്രവ്യാപാര കടയിൽ ജോലി ചെയ്യുകയാണ്.
അധ്യാപകരായി തുടക്കം
ഇരുവരും പൊന്നാനിയിൽ പഠിക്കുന്നതിനിടെയാണ് തുടക്കം. പിന്നീട് രണ്ടു പേരും കോളജിൽ അധ്യാപകരായി ജോലി കിട്ടിയപ്പോഴും ബന്ധം തുടർന്നു. തന്നെ വിവാഹം കഴിക്കാമെന്നും വീട്ടുകാരുടെ സമ്മതം ലഭിക്കണമെങ്കിൽ മതപരമായ കാര്യങ്ങൾ പഠിക്കണമെന്നും പറഞ്ഞു. ഇതനുസരിച്ച് താൻ കുറെ കാര്യങ്ങൾ പഠിക്കുകയും വിവാഹം കഴിഞ്ഞ മാർച്ചിൽ നടക്കുമെന്നു വിശ്വസിക്കുകയും ചെയ്തു.
എന്നാൽ വിവാഹത്തിനു മുന്പ് ഹാഫിസ് ഗൾഫിലേക്കു പോവുകയായിരുന്നു. കഴിഞ്ഞ ദിവസം മസ്്ക്കറ്റിൽ നിന്നു തന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയായിരുന്നു. തന്റെ പേരും ഫോണ് നന്പരും ഈ ദൃശ്യങ്ങൾക്കൊപ്പം നൽകിയിട്ടുണ്ട്. തനിക്ക് പരിചയമില്ലാത്ത പലരും വിളിച്ചപ്പോഴാണ് താൻ ചതിയിൽ പെട്ടതായി അറിഞ്ഞത്. തനിക്ക് വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥാണുള്ളതെന്നും യുവതി പരാതിപ്പെട്ടു.
ഇക്കാര്യം കുറ്റിപ്പുറം പോലീസിൽ പരാതിപ്പെട്ടപ്പോൾ, ഇത്തരം കേസുകളിൽ ഇരകൾ ആത്്മഹത്യ ചെയ്താൽ മാത്രമേ ഗൾഫിൽ നിന്നു പ്രതിയെ പിടികൂടാൻ നിയമമുള്ളൂ എന്നാണ് പറഞ്ഞത്. താൻ മാനസികമായി തകർന്നിരിക്കുകയാണെന്നും പ്രതിയെ ഉടനെ പിടികൂടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ആദ്യപരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരേ ബലാത്സംഗമടക്കമുള്ള വകുപ്പുകൾ പ്രകാരം കേസുണ്ട്. സംഭവം നടന്നത് പൊന്നാനി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പിന്നീട് ഇവിടേക്കു മാറ്റി. യുവതി എസ്പിക്കു പരാതി നൽകിയതോടെ അന്വേഷണം നാർക്കോട്ടിക് സെൽ ഡിവൈഎസ്പിക്കു കൈമാറി.അജ്മാനിലെ വസ്ത്ര നിർമാണ ശാലയിൽ ഉദ്യോഗസ്ഥനായ പ്രതിയെ നാട്ടിലെത്തിക്കാനാണ് പോലീസ് ശ്രമം.