പാലക്കാട്: നഗരമധ്യത്തിൽ ഹോമിയോ ഡോക്ടറുടെ വീട്ടിൽ നിന്നും എഴുപതോളം പവൻ ആഭരണം മോഷണംപോയെന്ന കേസിൽ വഴിത്തിരിവ്. വീട്ടുജോലിക്കാരിയുടെ പരാതിയിൽ ഡോ. പി.ജി മേനോൻ (93), മകൻ ഡോ. കൃഷ്ണമോഹൻ (56) എന്നിവർക്കെതിരെ പാലക്കാട് ടൗണ്‍ നോർത്ത് പോലീസ് ബലാത്സംഗത്തിനു കേസെടുത്തു.മധ്യവയസ്കയായ ജോലിക്കാരിയെ ബലാത്സംഗം ചെയ്തത് മറച്ചുവയ്ക്കാനായാണ് മോഷണക്കഥ കെട്ടിച്ചമച്ചതെന്നും ഇരുവരും ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ജോലിക്കാരിയെ രഹസ്യമൊഴിയെടുക്കാനായി തിങ്കളാഴ്ച രാത്രി മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി. ഡോ. പി.ജി.മേനോനും മകനും സ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതു മൂടിവയ്ക്കാനായാണ് ആഭരണം മോഷണംപോയെന്ന വ്യാജപരാതി നല്‍കിയത്.
ഒന്നരവർഷം മുന്‍പാണ് ഇപ്പോഴത്തെ ജോലിക്കാരി വീട്ടിലെത്തിയത്. രണ്ടുമാസം കഴിഞ്ഞപ്പോൾ മേനോൻ ഇവരെ ബലാൽസംഗം ചെയ്തതായി സ്ത്രീ പോലീസിനോടു പറഞ്ഞു. വിവാഹ വാഗ്ദാനം നല്കി പീഡനം തുടരുന്നതിനിടെ ഡോക്ടറുടെ മകനും ബലാൽസംഗത്തിന് ഇരയാക്കിയതായി സ്ത്രീ പോലീസിനു മൊഴിനല്‍കി. മകൻ ധനസഹായം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്.
ഡോ. പി.ജി.മേനോൻ പറഞ്ഞ പ്രായത്തിലും പോലീസ് സംശയം പ്രകടിപ്പിച്ചു. എണ്പത്തിയഞ്ചിനടുത്ത് പ്രായമേയുള്ളൂവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സെപ്റ്റംബർ ഒന്‍പതിന് രാത്രി പത്തിനും പത്തിനു പുലർച്ചെ ആറിനുമിടയിൽ പാലക്കാട് ഹെഡ് പോസ്റ്റോഫീസിനു സമീപത്തെ ഡോ. പി.ജി.മേനോന്റെ വീട്ടിലെ വിഗ്രഹത്തിൽ ചാർത്തിയ എഴുപതോളം പവൻ നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. അഞ്ചുവാതിലുകൾ കടന്നാൽ മാത്രമേ വിഗ്രഹത്തിന് അടുത്തെത്താനാകൂ.
എന്നാൽ ഒരു വാതിൽപോലും പൊളിക്കാതെയാണ് സ്വർണം നഷ്ടപ്പെട്ടിരിക്കുന്നത്. വീട്ടിലുള്ളവരുടേതല്ലാതെയുള്ള വിരലടയാളങ്ങളൊന്നും ലഭിച്ചിരുന്നില്ല. വീട്ടിൽ ജോലിക്കു നിന്നിരുന്ന അന്‍പത്തിയഞ്ചുകാരിയെ കേന്ദ്രീകരിച്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
മോഷണകുറ്റം ആരോപിച്ച് മുന്‍പും ഇവിടെനിന്ന് ജോലിക്കാരികളെ ഒഴിവാക്കിയിട്ടുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചു. വീടുമായി ബന്ധമുണ്ടായിരുന്ന മുഴുവൻപേരിൽനിന്നും പോലീസ് വിവരം ശേഖരിച്ചു.
മുന്‍പു മോഷണം പോയെന്നു പറയുന്ന ആഭരണങ്ങൾ പിന്നീട് വിഗ്രഹത്തിലുണ്ടായിരുന്നുവെന്നും പോലീസ് സംശയിക്കുന്നു. നഗരത്തോടു ചേർന്നു കിടക്കുന്ന രാമനാഥപുരത്താണ് മകൻ ഡോ. കൃഷ്ണമോഹൻ താമസിക്കുന്നത്. എസ്പി പ്രതീഷ് കുമാർ, എഎസ്പി പൂങ്കുഴലി എന്നിവരുടെ മേൽനോട്ടത്തിൽ ടൗണ്‍ നോർത്ത് സിഐ ആർ.ശിവശങ്കരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.