മുംബൈ: മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ സുഹൃത്ത് അറസ്റ്റിൽ. മുബൈ മാലാഡിലാണ് സംഭവം. ഗജ്ധർബന്ധ് സ്വദേശിയായ സർത്താജ് ഷെയ്ഖ് ആണ് ബലാത്സംഗത്തിന് അറസ്റ്റിലായത്. സർത്താജും യുവതിയും നേരത്തെ ഒരുമിച്ച് ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു.
പിന്നീട് ജോലി അവസാനിപ്പിച്ച് യുവതി ഒരു ഓട്ടോ വാങ്ങി ഇതിന്റെ ഡ്രൈവറായി സർത്താജും എത്തുകയായിരുന്നു. ഓട്ടോ കേടായെന്നും നന്നാക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ട് രണ്ട് മാസം മുന്പാണ് ഉടമയായ സ്ത്രീയെ സർത്താജ് വിളിച്ചു വരുത്തുന്നത്.
പണം നൽകാൻ സർത്താജിനെ കാണാനെത്തിയ ഇവരെ ശീതളപാനീയം കഴിക്കാൻ ക്ഷണിച്ചു. മയക്കു മരുന്നു ചേർത്തതറിയാതെ പാനീയം കഴിച്ച സ്ത്രീയെ സർത്താജ് ബലാത്സംഗം ചെയ്യുകയായിരുന്നു. കൂടാതെ ഇവ ചിത്രീകരിച്ച് പ്രതി ഫോണിൽ സൂക്ഷിക്കുകയും ചെയ്തു.
എഴുന്നേറ്റപ്പോൾ താൻ ഓട്ടോയിലായിരുന്നെന്ന് യുവതി ഓർക്കുന്നു. എന്നാൽ മയക്കത്തിൽ സംഭവിച്ചതിനെ കുറിച്ച് വ്യക്തതയില്ലാതിരുന്ന സ്ത്രീ അന്ന് പോലീസിൽ പരാതി നൽകിയില്ല. പിന്നീട് രണ്ടാഴ്ചയുക്കു മുന്പ് ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും ലൈംഗിക ബന്ധത്തിന് സഹകരിച്ചില്ലെങ്കിൽ വീഡിയോ ഭർത്താവിന് അയച്ചു കൊടുക്കുമെന്നും പറഞ്ഞ് സർത്താജ് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.ഇതിന് വഴങ്ങാത്തതിനാൽ ഇയാൾ വീഡിയോ ഭർത്താവിന് അയച്ചു കൊടുത്തു. തുടർന്നാണ് പരാതിയുമായി യുവതിയും ഭർത്താവും പോലീസിനെ സമീപിച്ചത്.