ഉത്തർപ്രദേശ്: ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച 18 കാരിയായ ദളിത് പെൺകുട്ടിയെ തിളച്ച എണ്ണ നിറച്ച അണ്ടാവിനുള്ളിൽ തള്ളിയിട്ടു. സംഭവത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. പെൺകുട്ടിയുടെ ശരീരത്തിന്റെ പകുതിയിലേറെയും പൊള്ളലേറ്റിട്ടുണ്ട്. കൈക്കും കാലിനുമേറ്റ പൊള്ളൽ അതീവ ഗുരുതരമാണ്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ഡൽഹിയിൽ എത്തിച്ചു.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബാഗ്പട്ടിലാണ് ദളിത് പെൺകുട്ടിക്ക് നേരെ കൊടും പാതകം നടന്നത്. ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച പെൺകുട്ടിയെ പ്രതികൾ ജാതി പറഞ്ഞ് അധിക്ഷേപിച്ചു. പിന്നാലെ തിളച്ച എണ്ണ നിറച്ച അണ്ടാവിലേക്ക് തള്ളിയിടുകയായിരുന്നു എന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.
ധനൗര സിൽവർനഗർ ഗ്രാമത്തിലെ ഒരു ഓയിൽ മില്ലിലെ ജീവനക്കാരിയാണ് ദളിത് പെൺകുട്ടി. ജോലി ചെയ്യുന്ന സമയം തന്റെ സഹോദരിയെ പീഡിപ്പിക്കാൻ സ്ഥാപനത്തിന്റെ ഉടമ പ്രമോദും അയാളുടെ കൂട്ടാളികളായ രാജു, സന്ദീപ് എന്നിവർ ശ്രമിച്ചതായി കാണിച്ച് യുവതിയുടെ സഹോദരൻ പരാതി നൽകി.