സ്ത്രീയുടെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ ഭര്‍ത്താവാണെങ്കില്‍പ്പോലും അത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് ഗുജറാത്ത് ഹൈക്കോടതി. പ്രതി ഭര്‍ത്താവാണെങ്കിലും ബലാത്സംഗം കുറ്റകരമെന്നാണ് കോടതി വിധി. എല്ലാ വിദേശരാജ്യങ്ങളിലുമുള്ള സമീപനം ഇന്ത്യയിലും ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു.
തന്റെ ദാമ്പത്യ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ ഭര്‍ത്താവും ബന്ധുക്കളും ക്യാമറയില്‍ പകര്‍ത്തിയെന്ന് ആരോപിച്ച് രാജ്കോട്ട് സ്വദേശിയായ യുവതി നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഭർത്താവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി കുടുംബ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും അശ്ലീല വെബ്സൈറ്റുകളിലും പ്രചരിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇത് പരിഗണിക്കവെയാണ് ബലാത്കാരമായി നടത്തുന്ന ശാരീരിക ബന്ധത്തില്‍ പ്രതി ഭര്‍ത്താവാണെങ്കിലും അയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന പുരുഷന് സ്വന്തം ഭര്‍ത്താവാണെങ്കില്‍ പോലും പ്രതിയെന്ന നിലയില്‍ വരുമെന്ന് ജസ്റ്റിസ് ജോഷി വ്യക്തമാക്കി. വിവാഹ ജീവിതത്തിനിടയിലുണ്ടാകുന്ന ലൈംഗികപീഡനം ഗൗരവമേറിയതാണെന്നും ഭര്‍ത്താവാണെന്ന് കരുതി ബലാല്‍സംഗം കുറ്റം ആകാതിരിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.