ഗുർഗ്രാം: ഹരിയാനയിൽ വീണ്ടും കൂട്ടമാനഭംഗം. കോളജ് വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് രണ്ടു പേർ ചേർന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പെൺകുട്ടിയെ പ്രതികൾ കാറിൽ നിന്ന് ഇറക്കി വിട്ടു.
ഇന്നലെ പെൺകുട്ടിയുടെ അച്ഛൻ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നാലു ദിവസത്തിനിടെ ഹരിയാനയിൽ നടക്കുന്ന ആറാമത്തെ കൂട്ടമാനഭംഗമാണിത്.
ജനുവരി 13ന് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ സംഭവമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. അതേസമയം സംസ്ഥാനത്ത് മാനഭംഗക്കേസുകളുടെ എണ്ണം ഒാരോ ദിവസവും വർധിക്കുന്പോൾ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വിവാദ സിനിമ “പദ്മാവത്’ നിരോധിക്കാനുള്ളതിരക്കിലാണെന്ന് പ്രതിപക്ഷം ആരോപിച്ചു.