മാനന്തവാടി: പീഡനത്തിരയായ കുട്ടിയുടെ പിതാവിൽ നിന്നും പോലീസിന് കൈക്കൂലി നൽകാനെന്ന പേരിൽ പണം തട്ടിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസുമായി ബന്ധപ്പെട്ട് പോലീസിന് കൈക്കൂലി നൽകാനാണെന്ന പേരിൽ ഇരയുടെ പിതാവിൽ നിന്നും 30000 രൂപയോളം തട്ടിയെടുത്തെന്ന പരാതിയിലാണ് മൂന്ന് പേർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.
പിലാക്കാവ് വട്ടൻപറന്പിൽ ഹമീദ്, റഫീക്ക്, ഷക്കീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. റഫീക്കുമായും ഷക്കീറുമായും പീഡനത്തിരയായ കുട്ടിയുടെ പിതാവും കുടുംബവും സംസാരിക്കുകയും അതിന് ശേഷം കേസ് എടുപ്പിക്കുന്നതിനാണെന്ന് പറഞ്ഞ് ഷക്കീർ പിലാക്കാവിലുള്ള ഹമീദിനെ പരാതിക്കാരനെ പരിചയപ്പെടുത്തുകയുമായിരുന്നു.
പിന്നീട് ഒരു ദിവസം തങ്ങൾ ഹമീദിന്റെ വീട്ടിൽ പോവുകയും കേസ് ശക്തിപ്പെടുത്തണമെങ്കിൽ മാനന്തവാടി പോലീസ് സ്റ്റേഷനിലെ സിഐക്കും എസ്ഐക്കും 30000 രൂപ കൊടുക്കണമെന്ന് ഹമീദ് തങ്ങളോട് പറഞ്ഞതായും ഇവർ പരാതിപ്പെടുന്നു.
എന്നാൽ പണം നൽകുന്നത് എന്തിനാണ് എന്ന് ചോദിച്ചപ്പോൾ അതെല്ലാം പതിവാണെന്നും പൈസ കൊടുത്തെങ്കിലേ പോലീസ് കേസ് ബലവത്താവുകയുള്ളു എന്നും പറയുകയായിരുന്നു. മകളുടെ കാര്യമോർത്ത് പിറ്റേ ദിവസം കയ്യിലുണ്ടായിരുന്ന 24000 രൂപ ഷെക്കീർ, റഫീഖ് തുടങ്ങിയ ആളുകൾ വഴി ഹമീദിന് എത്തിച്ചുകൊടുത്തതായും എന്നാൽ അത് പോരാ മുഴുവൻ പൈസയും വേണം എന്ന് ഹമീദ് പറഞ്ഞതായും പരാതിയിൽ പറയുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മാനന്തവാടി സിഐ അറിയിച്ചു.