ഗുരുഗ്രാം: പരീക്ഷ എഴുതാൻ കൂട്ടുവന്ന ബന്ധു ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഹരിയാനയിലെ മഹേന്ദ്രഗഡ് സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണു പരാതിയുമായി രംഗത്തെത്തിയത്.
സെപ്റ്റംബർ ഇരുപത്തിരണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരീക്ഷയെഴുതാനാണ് മഹേന്ദ്രഗഡിൽനിന്നു യുവതി ഗുരുഗ്രാമിലെത്തിയത്. എന്നാൽ ഇവിടെ എത്തിയപ്പോഴാണ് പരീക്ഷ മാറ്റിവച്ചതായി അറിയുന്നത്. പരീക്ഷാ സെന്ററിൽ അകന്ന ബന്ധുവായ യുവാവിനെ പെണ്‍കുട്ടി കണ്ടുമുട്ടി. പരീക്ഷ മാറ്റിവച്ചതിനാൽ യുവാവിന്റെ നിർബന്ധത്തിൽ ഇരുവരും ചേർന്ന് ഹോട്ടലിൽ മുറിയെടുത്തു.
രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന സമയത്ത് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. രണ്ടു ദിവസത്തിനുശേഷമായിരുന്നു പരീക്ഷ പുനർനിർണയിച്ചിരുന്നത്. ഇത് എഴുതിയശേഷം യുവതി വീട്ടിലേക്കു മടങ്ങി. കുറച്ചു ദിവസങ്ങൾക്കുശേഷം മാനസിക സംഘർഷം രൂക്ഷമായതോടെ പോലീസിനെ സമീപിക്കുകയായിരുന്നെന്ന് യുവതി പരാതിയിൽ പറയുന്നു.
സംഭവം നടന്ന് രണ്ടു മാസത്തിനുശേഷമാണു യുവതി പോലീസിൽ പരാതിപ്പെടുന്നത്. സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.