റോഹ്തക്: പീഡനശ്രമത്തിനിടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖം അന്പത്തഞ്ചുകാരൻ കടിച്ചുമുറിച്ചു. ഹരിയാനയിലെ റോഹ്തക് ജില്ലയിലെ ബഹു അക്ബർപുർ ഗ്രാമത്തിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ഇരയുടെ മാതാവ് പാടത്ത് പോയ സമയം വീട്ടിലെത്തിയ സുഖ്ബിർ സിംഗ് എന്നയാൾ പതിനാലുകാരിയെ കയറിപ്പിടിക്കുകയായിരുന്നു. ഇതിനെ എതിർത്തപ്പോൾ അക്രമി പെണ്‍കുട്ടിയുടെ മുഖത്ത് കടിച്ചു. ഇതേതുടർന്ന് പെണ്‍കുട്ടിയുടെ മുഖത്തുനിന്നു രക്തസ്രാവമുണ്ടായി. ഈ സമയം വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ മാതാവിനെ കണ്ടതോടെ അക്രമി രക്ഷപ്പെട്ടു.
സംഭവം നടന്ന ഉടൻ മാതാവ് പോലീസിനെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാൻ അവർ തയ്യാറായില്ല. തുടർന്ന് പ്രാദേശിക വനിതാ സംഘടനകളുമായി പോലീസ് സ്റ്റേഷനിൽ പ്രതിഷേധം നടത്തിയതിനു ശേഷമാണ് അവർ പരാതി സ്വീകരിക്കാൻ തയാറായത്. സംഭവത്തിൽ ശനിയാഴ്ചയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്.