കോട്ടയം: പീഡനക്കേസിൽ മുങ്ങി നടന്ന പ്രതി മന്ത്രവാദം പഠിച്ച് പൂജ നടത്തി കഴിയവേ പോലീസിന്റെ പിടിയിലായി. മന്ത്രവാദത്തിനെന്ന പേരിൽ വിളിച്ചുവരുത്തിയാണ് ഇയാളെ കുടുക്കിയത്.
ഹൗസ് ബോട്ടിൽ വച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ 10 വർഷത്തോളം മുങ്ങി നടന്ന പ്രതി ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ചാലുങ്കൽവെളി കിരണ്ദാസി (29) നെയാണ് ജില്ലാ പോലീസ് ചീഫ് ഹരിശങ്കർനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നിർദ്ദേശാനുസരണം കോട്ടയം വെസ്റ്റ് സിഐ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2009 ൽ കോട്ടയം കോടിമതയിൽ വിവിധ ഹൗസ് ബോട്ടുകളിൽ വച്ചു യുവതിയെ പീഡിപ്പിച്ച കേസിൽ വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങുകയായിരുന്നു.
വർഷങ്ങളായി പ്രതി പോലീസിന്റെ കണ്ണു വെട്ടിക്കുന്നതിനായി ആലപ്പുഴയിലും കുമരകത്തും കൊച്ചിയിലും ഉള്ള ഹൗസ് ബോട്ടുകളിലും ഇടുക്കി കാളിയാർ, വണ്ണപ്പുറം ഭാഗങ്ങളിലും ഒളിച്ചു താമസിച്ചു വരികയായിരുന്നു. ഇതിനിടെ പ്രതി കർണാടകത്തിൽ പോയി താന്ത്രിക വിദ്യകൾ പഠിക്കുകയും പിന്നീട് കേരളത്തിന്റെ പല ഭാഗങ്ങളിലും രഹസ്യമായി വീടുകളിൽ പോയി പൂജകളും മന്ത്രവാദവും നടത്തിയിരുന്നു.
ഇതു സംബന്ധിച്ച രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഇയാൾക്കു വേണ്ടി വലവിരിച്ചു. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഇടനിലക്കാർ വഴി കിരണ്ദാസിനെ സമീപിച്ചു. ആലപ്പുഴ ആര്യൻകാവിൽ ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തി. എന്നാൽ ഇതിനിടെ മറ്റൊരു സ്ഥലത്ത് പൂജ നടത്താൻ പോകുന്പോഴാണ് പിടിയിലായത്.
പോലീസ് പിടിക്കാതിരിക്കാൻ മറ്റുള്ളവരുടെ പേരിൽ സിം കാർഡ് എടുക്കുകയും രണ്ടോ മൂന്നോ മാസം കഴിയുന്പോൾ അത് ഉപേക്ഷിച്ചു പുതിയ ഫോണും സിം കാർഡും എടുക്കുമായിരുന്നു. ഗൾഫിലുള്ള സുഹൃത്തിന്റെ കാറാണ് പ്രതി യാത്ര ചെയ്യാൻ ഉപയോഗിച്ചിരുന്നത്. അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എൻ. മനോജ്, ബിജുപി. നായർ എന്നിവരുമുണ്ടായിരുന്നു.