കാക്കനാട്: തുതിയൂരില്‍ പ്രണയം നടിച്ചും പ്രലോഭിപ്പിച്ചും വര്‍ഷങ്ങളായി പീഡിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രതികള്‍ പകര്‍ത്തിയാതായി സംശയം. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ കൈവശം തന്റെ അര്‍ധനഗ്‌ന ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും ഉള്ളതായി പെണ്‍കുട്ടിയും മൊഴി നല്കിയിട്ടുണ്ട്. ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തിയിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
പ്രതികള്‍ മയക്കുമരുന്ന് കുത്തിവച്ചും ഭീഷണിപ്പെടുത്തിയുമാണു പീഡിപ്പിച്ചിരുന്നതെന്ന് പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു. മദ്യവും മയക്കുമരുന്നും നല്‍കി പീഡിപ്പിച്ച സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്താനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകളില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താനായിട്ടില്ല. ഫോണില്‍ നിന്ന് അവ നശിപ്പിച്ച കളഞ്ഞിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താനുള്ള വിദഗ്ധ പരിശോധനകളും പോലീസ് നടത്തും. അവ നശിപ്പിക്കുന്നതിനു മുമ്പ് മറ്റുള്ളവര്‍ക്ക് കൈമാറിയിരിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. അതു സംബന്ധിച്ചും പോലീസ് അന്വേഷിക്കും.
അതേസമയം, സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കളമശേരി മജിസ്‌ട്രേറ്റിനു മുന്നില്‍ പെണ്‍കുട്ടി നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണു നടപടി. ഈ കേസില്‍ നേരത്തെ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ആറു പ്രതികളുമായി ഇവര്‍ക്ക് അടുപ്പമുള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്കു മുമ്പു ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയും ഇന്നലെ കസ്റ്റഡിയിലായവരില്‍ ഉള്‍പ്പെട്ടതായാണു സൂചന. രണ്ടു പേരെ കൂടി പോലീസ് തെരയുന്നുണ്ട്.
റിമാന്‍ഡില്‍ കഴിയുന്നവരെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ഇന്നലെ എറണാകുളം സെക്ഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഈ മാസം അഞ്ചുമുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണു പീഡനവിവരം പുറംലോകമറിഞ്ഞത്.
പെണ്‍കുട്ടി ചാവക്കാട് സ്വദേശി അഖിലുമായി നാടുവിടുകയായിരുന്നു. തുടര്‍ന്നു പഴനിയില്‍ ഇവര്‍ വിവാഹിതരായി. കഴിഞ്ഞദിവസം അഖിലുമായി വീട്ടിലെത്തിയ പെണ്‍കുട്ടിയെ മാതാവ് തൃക്കാക്കര സ്‌റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്നു പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം പെണ്‍കുട്ടിയെ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെത്തിച്ചു. ചൈല്‍ഡ് ലൈന്‍ നാളെ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.