ശ്രീകണ്ഠപുരം(കണ്ണൂർ): രണ്ടാം ക്ലാസ് വിദ്യാർഥിനിയെ അമ്മയുടെ കാമുകൻ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മധ്യവയസ്കനെതിരേ കേസെടുത്തു. ഉണ്ണികൃഷ്ണനെതിരേയാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി കാറുമായി പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ അമ്മയോടൊപ്പം പെൺകുട്ടിയെ കൂട്ടി പോവുകയായിരുന്നുവെന്ന് പറയുന്നു. അമ്മ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. തുടർന്ന് മദ്യം നൽകി മയക്കി പീഡിപ്പിച്ചതായാണ് പരാതി.
അമ്മയും മദ്യലഹരിയിലായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. അമ്മയുടെ സുഹൃത്താണെന്നും പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയതിനാൽ തുടർന്ന് ഭീതിയോടെയാണ് പെൺകുട്ടി കഴിഞ്ഞത്.
കഴിഞ്ഞ ദിവസം ക്ലാസ് അധ്യാപികയോട് സംഭവം പറഞ്ഞതിനെത്തുടർന്ന് കണ്ണൂർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ഇവരുടെ നിർദ്ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.