കാസർഗോഡ്: പ്രായപൂർത്തിയാകാത്ത സഹോദരിയെ അഞ്ചുവർഷക്കാലം നിരന്തരമായി പീഡിപ്പിച്ച സഹോദരന് പത്തുവർഷം തടവും 50,000 രൂപ പിഴശിക്ഷയും. കാസർഗോഡ് അഡീഷണൽ സെഷൻസ് (ഒന്ന്) ജഡ്ജി പി.എസ്.ശശികുമാറാണു ശിക്ഷ വിധിച്ചത്. പിഴയടച്ചാൽ അത് പെൺകുട്ടിക്ക് നൽകണം. അടയ്ക്കാത്തപക്ഷം പ്രതി നാലുവർഷംകൂടി തടവ് അനുഭവിക്കണം.
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. 26കാരനായ പ്രതി കൂലിപ്പണിക്കാരനാണ്. വീട്ടിലെ മൂത്തമകനായ ഇയാൾക്ക് നാലു സഹോദരിമാരുണ്ട്. ഇതിൽ രണ്ടാമത്തെ സഹോദരിയെയാണ് എട്ടുവയസ് മുതൽ ഇയാൾ പീഡിപ്പിച്ചിരുന്നത്.
പീഡനവിവരം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പെൺകുട്ടിയെയും അനുജത്തിയെയും പാലക്കാട്ടെ അനാഥാലയത്തിൽ ചേർത്തു. വീട്ടിൽ അവധിക്ക് വരുന്ന സമയത്തും പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. പാലക്കാടായിരുന്ന സമയത്ത് വയറുവേദനയെത്തുടർന്ന് ഡോക്ടറെ കാണാൻ പോയപ്പോഴാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറയുന്നത്.
ഡോക്ടർ ഈ വിവരം പാലക്കാട് പോലീസിനെ അറിയിച്ചു. കേസ് വെള്ളരിക്കുണ്ട് പോലീസിന് കൈമാറി. അന്നത്തെ സിഐ എം.സുനിൽകുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം തയാറാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി. പീഡനത്തിനിരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ദേശീയ ലീഗൽ സർവീസ് അഥോറിറ്റിയോട് ശിപാർശ ചെയ്തു.