കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റ് ഉടന്‍. പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞ യുവാക്കളെ നിരീക്ഷിച്ചുവരികയാണെന്നും ഇവരാരും രക്ഷപ്പെട്ടിട്ടില്ലെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം ഇന്നോ നാളെയോ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനിച്ചത്.
എട്ടുപേരുടെ പേരുകളാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. എന്നാല്‍ കൂടുതല്‍ പേര് പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നത്. ഇക്കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്. പെണ്‍കുട്ടി പറയുന്ന എല്ലാ കാര്യങ്ങളും വസ്തുതയാണോയെന്നതില് പോലീസിന് ചില സംശയങ്ങളുണ്ട്.
കോഴിക്കോട് ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ഒന്പതാംക്ലാസില് പഠിക്കുന്ന വിദ്യാര്‍ഥിനിയെയാണ് വിവിധ സ്ഥലങ്ങളിലായുള്ളവര് പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റിയിലേയും റൂറലിലേയും അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ കേസ് അന്വേഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മേയ് 24 നാണ് ചേവായൂര്‍ പോലീസ് കേസെടുത്തത്.
ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരുടെ കൗണ്‍സിലിംഗിനിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയെ കുറിച്ച് ചൈല്‍ഡ് ലൈനിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതോടെ കൗണ്സിലിംഗിനായും പെണ്‍കുട്ടിയെ സുരക്ഷ കണക്കിലെടുത്തും സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ച് കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇതോടെ അധികൃതര്‍ ചേവായൂര്‍ പോലീസില്‍ പരാതി നല്കി.
കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായതിനാല്‍ പീഡിപ്പിച്ചെന്നു പെണ്‍കുട്ടി മൊഴി നല്കിയ സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകളിലേക്ക് കേസ് കൈമാറുകയായിരുന്നു. പീഡിപ്പിച്ചവരുടെ മൊബൈലില്‍ തന്റെ ഫോട്ടോകളുണ്ടെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീടുകളില്‍ കൊണ്ടുപോയാണ് പലരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കോഴിക്കോട് ബീച്ച്, കാപ്പാട് ബീച്ച്, സരോവരം, തിയറ്ററുകളില്‍ എന്നിവിടങ്ങളിലും പെണ്‍കുട്ടി പോയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.