തിരുർ: വീട്ടിൽ അതിക്രമിച്ചു കടന്നു 59 വയസുള്ള സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരൂർ സൗത്ത് അന്നാര പുളിക്കുന്നത്ത് അർജുൻ ശങ്കറി (33)നെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി 10ന് പുലർച്ചെ വീടിനകത്ത് തനിച്ചായിരുന്ന സ്ത്രീയെ അതിക്രമിച്ചു കയറി വായ പൊത്തിപ്പിടിച്ച് മരണഭയമുണ്ടാക്കി മാനഭംഗത്തിനു ശ്രമിക്കുകയായിരുന്നു. സ്ത്രീയുടെ അവസരോചിത ഇടപെടൽ മൂലമാണ് പ്രതിയിൽ നിന്നു ജീവനോടെ രക്ഷപെട്ടത്.
സംഭവത്തിനു ശേഷം നാടുവിട്ട പ്രതി ഒളിവിൽ പോയി. പ്രതിയെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം തിരൂർ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. അർജുൻ ശങ്കറിനെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.
അന്വേഷണത്തിൽ പ്രതി ചാവക്കാടിൽ വ്യാജ വിലാസത്തിൽ ജോലി ചെയ്തതായി വിവരം ലഭിച്ചു. പത്രത്തിൽ ഫോട്ടോ പ്രസിദ്ധീകരിച്ചതറിഞ്ഞ പ്രതി ഇവിടെ നിന്നു മുങ്ങി പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു.
പ്രതി പൊള്ളാച്ചിയിൽ നിന്നു നാട്ടിലേക്കു വരുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം രാത്രി തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നു പോലീസ് അർജുൻ ശങ്കറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരൂർ ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.