കൂത്തുപറമ്പ്: മദ്രസ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ അവിടത്തെ അധ്യാപകരായ രണ്ടു പേർ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി കൊടുവൻമുഴിയിൽ എരിഞ്ഞിക്കോത്തെ കെ.കെ. അബ്ദുൾ റഹ്മാൻ മൗലവി (44), വയനാട് കെല്ലൂർ നാലാംമൈലിലെ ടി. അബ്ദുനാസർ മൗലവി (48)എന്നിവരെയാണ് കണ്ണവം എസ്ഐ കെ.വി. ഗണേഷും സംഘവും അറസ്റ്റ് ചെയ്തത്. ഇവർക്കെതിരേ പോക്സോ വകുപ്പ് പ്രകാരം 22 കേസുകളാണ് നിലവിൽ രജിസ്റ്റർചെയ്തിരിക്കുന്നത്.
പത്തു വയസിന് താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികളുമുൾപ്പെടെ ഇരുപതിലേറെ കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. പരാതിയുമായി കൂടുതൽ വിദ്യാർഥികൾ എത്തിയേക്കുമെന്നാണ് സൂചന. പോലീസ് വിശദമായി അന്വേഷണം നടത്തിവരുകയാണ്. രണ്ടു വർഷമായി ഇവർ മദ്രസ അധ്യാപകരായി ജോലിചെയ്തുവരികയായിരുന്നു.
തലശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. പീഡനം സംബന്ധിച്ച് ചൈൽഡ്ലൈൻ അധികൃതർ പോലീസിൽ അറിയിച്ചതോടെയാണ് നടപടികൾക്കു തുടക്കമായത്.