കുണ്ടറ: കുളിമുറി രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 34 ദിവസം തുടർച്ചയായി പീഡനത്തിനിരയാക്കിയ കേസിലെ നാലു പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണമാരംഭിച്ചു.
പെൺകുട്ടിയുടെ മാമിയും ഇടനിലക്കാരിയുമായ ലിനറ്റ് (30), ലോഡ്ജ് ഉടമ ചവറ പന്മന സ്വദേശി നജിം (43), ജീവനക്കാരായ മണപ്പള്ളി പാവുമ്പ സ്വദേശികളായ പ്രദീപ് (33), റിനു (33) എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് മൂന്ന് ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വാങ്ങിയത്. ലിനറ്റിനെ അവർ താമസിക്കുന്ന വീട്ടിൽ കൊണ്ടുപോയി പരിശോധനകൾ നടത്തി.
കരുനാഗപ്പള്ളി കെഎസ്ആർടിസി. ബസ് സ്റ്റാന്റിനു സമീപമുള്ള സിൽവർ പ്ലാസ ലോഡ്ജ് ജീവനക്കാരെ മൂന്നു പേരെയും പോലീസ് ചോദ്യം ചെയ്തു വരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ കുടുങ്ങാനാണ് സാധ്യത. ലിനറ്റിന് മുൻപും പെൺവാണിഭ കേസിൽ ബന്ധമുണ്ട്. ലിനറ്റ് ആദ്യ ഭർത്താവിനെ ഉപേക്ഷിക്കുകയും പെൺകുട്ടിയുടെ മാമനുമായി ഒരുമിച്ച് ജീവിച്ചു വരികയുമായിരുന്നു
.ഇവരുടെ സ്വതന്ത്രമായ പ്രവൃത്തികളിൽ ഇയാൾ തടസമാകുമെന്നു് ഭയന്ന് കഴിഞ്ഞ മൂന്നു മാസമായി ഇയാളുമായി അകന്ന് കഴിഞ്ഞു വരികയുമാണ്. പെൺകുട്ടിയുമായി കൂടുതൽ അടുക്കുന്നതിനാണ് ലിനറ്റ് അഞ്ചാലുംമൂട് കുരീപ്പുഴയിലേയ്ക്ക് താമസം മാറിപ്പോയത്. ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷമേ റിമാൻഡിൽ കഴിയുന്ന മറ്റ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ കിട്ടുകയുള്ളൂ.