ന്യൂഡൽഹി: എനിക്ക് പേടിയാകുന്നു- ഹരിയാനയിലെ കുരുക്ഷേത്രയിൽ എത്തിയ മാധ്യമപ്രവർത്തകരോട് പ്രദേശവാസിയായ ഒരാളുടെ പ്രതികരണമാണിത്. ജിന്ദ് ജില്ലയിൽ ദളിത് വിഭാഗത്തിൽ പെട്ട പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ പ്രദേശത്തെ വീടുകളിലെല്ലാം ആശങ്ക നിറഞ്ഞ മുഖങ്ങളാണ്.
എനിക്ക് മൂന്ന് പെൺകുട്ടികളാണ് ഉള്ളത്. ഈ സഹചര്യത്തിൽ അവരുടെ സുരക്ഷിത്വതത്തിന്റെ കാര്യത്തിൽഎനിക്ക് ആശങ്കകളുണ്ട്- ഒരു അച്ഛൻ പറയുന്നു. ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്ന് കഴിഞ്ഞ ഒന്‍പതിനാണു ദളിത് വിഭാഗത്തിൽ പെട്ട പെണ്‍കുട്ടിയെ കാണാതായത്.
പത്തിന് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ചയാണ് ജിന്ദിൽനിന്നും മൃതദേഹം കണ്ടെടുത്തത്. ശനിയാഴ്ച പോസ്റ്റ്മോർട്ടം നടത്തി. രഹസ്യഭാഗത്തിലൂടെ കയറ്റിയ കന്പി കരൾ വരെ തകർത്തു എന്നാണു ഡോക്ടർമാർ പറഞ്ഞത്.
പെണ്‍കുട്ടിയുടെ ശരീരത്തിൽ ഗുരുതരമായ 19 മുറിവുകൾ കണ്ടെത്തി. രണ്ടോ മൂന്നോ പേർ ചേർന്ന് ആക്രമിച്ചതായാണു വ്യക്തമായിരിക്കുന്നത്. മാനഭംഗത്തിനു പുറമേ ക്രൂരമായി പീഡിപ്പിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ജിന്ദ് ജില്ലയിലെ ബുദ്ധഖേര ഗ്രാമത്തിലെ കനാൽ പരിസരത്തുനിന്നാണു മൃതദേഹം കണ്ടെത്തിയത്. മറ്റെവിടെയോ വച്ചു കൊലപ്പെടുത്തിയ ശേഷം ഇവിടെ തള്ളിയതാണെന്നു കരുതുന്നു. കൊലപാതകത്തിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനുമാണു പോലീസ് കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടിയെ കാണാതായ അതേ ദിവസം ഗ്രാമത്തിൽനിന്നു കാണാതായ യുവാവിനെ പോലീസ് സംശയിക്കുന്നതായി റി പ്പോർട്ടുണ്ട്.
പെണ്‍കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ലോക്കറ്റാണ് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചതെന്നു ജിന്ദ് ഡെപ്യൂട്ടി എസ്പി സുനിൽ കുമാർ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് 250ലധികം വരുന്ന പോലീസ് സംഘം തെളിവുകൾക്കായി തെരച്ചിൽ നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കാണാതായ യുവാവിന്റെ ബന്ധുക്കളെയടക്കം 10 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.