മട്ടന്നൂർ: സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കർണാടക സ്വദേശിയെ മട്ടന്നൂർ പോലീസ് അറസ്റ്റ്ചെയ്തു. മംഗളൂരു നെരിയയിലെ പി.കെ. റഫീഖിനെ (34) യാണ് മട്ടന്നൂർ സിഐ കെ. രാജീവ് കുമാറും സംഘവും മംഗളൂരുവിൽ വച്ച് ഇന്നു രാവിലെ അറസ്റ്റ്ചെയ്തത്.
മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 11, 16 വയസുകളുള്ള രണ്ടു വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിലാണ് റഫീഖിനെ അറസ്റ്റ്ചെയ്തത്. വിദ്യാർഥിനികൾ സ്കൂൾ അധ്യാപകരോട് സംഭവം പറയുകയും സ്കൂൾ അധ്യാപകർ ചൈൽഡ് ലൈനിൽ വിവരമറിയിരിക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് യുവാവിനെ അറസ്റ്റ്ചെയ്തത്.
കഴിഞ്ഞ സ്കൂൾ അവധിക്കാലത്താണ് വിദ്യാർഥിനികളെ പലതവണ യുവാവ് പീഡിപ്പിച്ചത്. സംഭവത്തിൽ മറ്റൊരു പ്രതിയും ഉൾപ്പെട്ടിട്ടുണ്ട്. ഇയാൾക്കുവേണ്ടി പോലീസ് അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ റഫീഖിനെ ഇന്നു മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കും.