റെനീഷ് മാത്യു
കണ്ണൂർ: തന്നെ പീഡിപ്പിച്ചത് ഉപ്പയല്ല, ഉപ്പയുടെ സുഹൃത്താണെന്ന് മട്ടന്നൂർ സ്വദേശിനിയായ പെൺകുട്ടി. തന്റെ പേര് പറഞ്ഞാൽ ഉമ്മയേയും ഉമ്മയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞാവയേയും ഞങ്ങളേയും ലോറി കയറ്റി കൊല്ലുമെന്ന് അയാൾ പറഞ്ഞു, ഉപ്പയുടെ പേര് പറയണമെന്നും പറഞ്ഞു...
പിന്നെ പോലീസ് വന്ന് ചോദിച്ചപ്പോൾ ഇയാളുടെ പേര് പറഞ്ഞെങ്കിലും നീ ആദ്യം ഉപ്പയുടെ പേരല്ലെ പറഞ്ഞതെന്നു പറഞ്ഞ് തന്നെ വനിതാപോലീസ് ഭീഷണിപ്പെടുത്തി. പോലീസ് ഉപ്പയുടെ പേര് എഴുതിച്ചേർക്കുകയായിരുന്നു….
കണ്ണുകളിൽ ഭീതിയോടെ തന്നെയായിരുന്നു രാഷ്ട്രദീപികയോട് പതിനൊന്നുകാരിയായ ഈ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ….മജിസ്ട്രേറ്റിന്റെ അടുത്ത് രണ്ടുതവണ മൊഴി രേഖപ്പെടുത്താൻ പോയെങ്കിലും മാനസികമായി പെൺകുട്ടിക്ക് സാധിച്ചില്ല.
സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് കർണാടക സ്വദേശിയും ഉളിയിൽ താമസക്കാരനുമായ യുവാവിനെ കഴിഞ്ഞ 28 ന് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. 11, 16 വയസുള്ള പെൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചതായാണ് പോലീസ് പറയുന്നത്.
ഇയാൾ ഇപ്പോൾ കണ്ണൂരിലെ ജയിലിലാണ് ഉള്ളത്. ഇതിൽ 11 വയസുകാരി ഇയാളുടെ മകളാണ്. എന്നാൽ, തന്നെ ഉപ്പയല്ല പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പറയുന്നത്.കൂട്ടുപ്രതിയായ സുഹൃത്ത് ഒന്നാം പ്രതിയാണെങ്കിലും പോലീസ് ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവത്തെക്കുറിച്ച് ഉമ്മ പറയുന്നത് ഇങ്ങനെ: 2018 നവംബർ എട്ടിന് ഞാനും മക്കളും ഭർത്താവും കൂടി ബംഗളൂരുവിൽ യാത്ര പോയി. കൂടെ ഭർത്താവിന്റെ സുഹൃത്തും ഉണ്ടായിരുന്നു. അന്ന് അവിടെ ഒരിടത്ത് താമസിപ്പിച്ചപ്പോഴാണ് തന്റെ മകളെ ഇയാൾ പീഡിപ്പിച്ചത്.
ഇക്കാര്യം മകൾ തന്നോട് പറഞ്ഞിരുന്നുവെന്നും ഉമ്മ പറഞ്ഞു. മട്ടന്നൂർ പോലീസിനോടും മൊഴിയെടുക്കാൻ വന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയോടും ഇക്കാര്യം താൻ പറഞ്ഞെങ്കിലും അവർ കേൾക്കാൻ കൂട്ടാക്കിയില്ല.
പീഡനത്തിനിരയായ വിദ്യാർഥിനികൾ സ്കൂൾ അധ്യാപകരോട് സംഭവം പറയുകയും സ്കൂൾ അധ്യാപകർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണവും അറസ്റ്റും.