ന്യൂഡൽഹി: വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ഉത്തര ഡൽഹിയിലെ ബുറാഡിയിലെ സർക്കാർ സ്കൂൾ അധ്യാപകനാണ് അറസ്റ്റിലായത്. പതിനഞ്ചുകാരിയായ വിദ്യാർഥിനിയെയാണ് അന്പത്തിരണ്ടുകാരൻ പീഡിപ്പിച്ചത്.
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പീഡനദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. അധ്യാപകൻ പരിചയക്കാരന് അയച്ചുനൽകിയ വീഡിയോ, ഇയാൾ ബ്ളാക്ക്മെയിൽ ചെയ്യുന്നതിനു വേണ്ടി പ്രചരിപ്പിക്കുകയായിരുന്നു. ഇതേതുടർന്ന് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു.
ജൂണിൽ പകർത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നാണു സൂചന. എത്രകാലമായി അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിക്കുന്നു, മറ്റുകുട്ടികളും ഇയാൾക്ക് ഇരയായിട്ടുണ്ടോ എന്നീ കാര്യങ്ങളിൽ പോലീസ് അന്വേഷണം നടത്തുകയാണ്. സ്വരൂപ് നഗറിലാണ് ഇരയായ പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്.
ഈ മാസം തുടക്കത്തിൽ ഡൽഹി മുനിസിപ്പൽ കൗണ്‍സിൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ഇലക്ട്രീഷ്യൻ പീഡനത്തിനിരയാക്കിയിരുന്നു.