ബംഗളൂരു: കർണാടക ബിദാർ ജില്ലയിലെ ബസവകല്യാൺ താലൂക്കിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളിലൊരാൾ പെൺകുട്ടിയുടെ സുഹൃത്തും നാട്ടുകാരനുമാണ്. ഓഗസ്റ്റ് 29നാണു 19കാരിയെ കാണാതായത്. 31ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.
പോലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റിക്കാട്ടിൽനിന്ന് ഇരയുടെ മൃതദേഹം കണ്ടെടുത്തു. പെൺകുട്ടിയുടെ തലയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിനും ഫോറൻസിക് പരിശോധനകൾക്കും ശേഷമാണു കേസിൽ ബലാത്സംഗക്കുറ്റം ചേർത്തത്.
സംഭവത്തിൽ ഇന്നലെ കർണാടകയിൽ വിവിധ സംഘടനകളും പ്രതിപക്ഷ പാർട്ടികളും വ്യാപക പ്രതിഷേധം നടത്തിയിരുന്നു.