ഹാപുർ: വിധവയായ യുവതിയെ പിതാവ് 10000 രൂപയ്ക്കു വിറ്റു, വാങ്ങിയ ആളും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി, ക്രൂരപീഡനത്തിൽ മനംനൊന്ത് യുവതി സ്വയം തീകൊളുത്തി. ഉത്തർപ്രദേശിലെ ഹാപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 20 വയസുള്ള വനിതയാണ് ജീനനൊടുക്കാൻ ശ്രമിച്ചത്. 80 ശതമാനം പൊള്ളലേറ്റ യുവതി ആശുപത്രിയിൽ മരണവുമായി പോരടിക്കുകയാണ്.
പിതാവും അമ്മായിയും ചേർന്നാണ് യുവതിയെ വിറ്റത്. വാങ്ങിയ ആൾ 10000 രുപ നൽകി. ഇയാൾ നിരവധി പേരിൽനിന്നു പണം കടം വാങ്ങിയിരുന്നു. ഈ കടങ്ങൾ വീട്ടുന്നതിനായി പണം നൽകിയവരുടെ വീട്ടിൽ യുവതിയെ ജോലിക്കു നിർത്തി. ഇവർ സ്ത്രീയെ പണിയെടുപ്പിക്കുകയും ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു.
പീഡനം തുടർന്നപ്പോൾ യുവതി പോലീസിനെ പരാതിയുമായി സമീപിച്ചു. എന്നാൽ പോലീസ് കേസെടുക്കാതെ യുവതിയെ തിരിച്ചയച്ചു. ഇതോടെ യുവതി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ പോലീസ് നടപടി സ്വീകരിച്ചു. ഇതുവരെ 14 പേർക്കെതിരേയാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.