ദിസ്പുർ: അസമിലെ കച്ചാറിൽ വീട്ടിൽ അതിക്രമിച്ചു കയറി അയൽവാസിയായ യുവാവ് 30 വയസുകാരിയെ രണ്ടു കുട്ടികളുടെ മുന്നിൽ ബലാത്സംഗംചെയ്ത് ശരീരത്തിൽ ആസിഡ് ഒഴിച്ചു.
ഇരുവരും തമ്മിൽ സംഭവത്തിനു മുൻപ് വാക്കുതർക്കമുണ്ടായെന്നും തുടർന്ന് യുവതിയുടെ ഭർത്താവ് ഇല്ലാത്ത സമയം നോക്കി 28 കാരനായ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.
പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയുടെ വായും കൈയും കാലും ബന്ധിച്ച് നിലത്തുകിടക്കുന്നതാണ് കണ്ടത്.
ശരീരത്തിൽ ആസിഡ് ഒഴിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. സിൽചർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.