ഭോപ്പാൽ: എട്ട് വയസുകാരിയെ രണ്ടംഗ കൗമാര സംഘം കൂട്ട ബലാത്സംഗം ചെയ്തു. 15, 16 വയസുള്ള ആണ്‍കുട്ടികളാണ് ക്രൂരകൃത്യം നടത്തിയത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് മധ്യപ്രദേശിലെ സിൻഗ്രൗളി ജില്ലയിലാണ് രാജ്യത്തെ നടുക്കുന്ന സംഭവമുണ്ടായത്. വൈകുന്നേരം ഗ്രാമത്തിലെ കനാലിൽ കുളിക്കാൻ പോയ പെണ്‍കുട്ടിയെയാണ് കൗമാര സംഘം ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം ആളൊഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
അക്രമികളുടെ കൈയിൽ നിന്നും രക്ഷപെട്ട പെണ്‍കുട്ടി പിന്നീട് വീട്ടിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. എന്നാൽ വീട്ടിൽ എത്തിയിട്ടും സംസാരിക്കാൻ കഴിയാത്ത നിലയിലായിരുന്നു പെണ്‍കുട്ടി. വീട്ടുകാർ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ കാര്യം വെളിപ്പെടുത്തിയത്.
പെണ്‍കുട്ടിയെ ആക്രമിച്ചത് അയൽവാസികളായ ആണ്‍കുട്ടികൾ തന്നെയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്തെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റി.