ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ 16 സ്ത്രീകള്‍ പോലീസ് ഉദ്യോഗസ്ഥരുടെ ശാരീരിക–ലൈംഗിക ആക്രമണത്തിന് ഇരയായെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട്. 2015 ഒക്ടോബര്‍ വരെ ബിജാപുര്‍ ജില്ലയിലുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കുറ്റകൃത്യങ്ങള്‍ നടന്നതായി തെളിയിക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്. 20 പേരുടെ മൊഴികള്‍ക്കായി കാത്തിരിക്കുകയാണ്. സ്ത്രീകള്‍ക്ക് നേരെയുണ്ടായ പോലീസ് ക്രൂരതകളുടെ പരോക്ഷ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും മനുഷ്യാവകാശ കമ്മീഷന് വ്യക്തമാക്കി. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ഇടക്കാല നഷ്ടപരിഹാരം നല്‍കുന്നില്ലെന്ന് ചോദിച്ച് കമ്മിഷന് സംസ്ഥാന സര്‍ക്കാരില്‍നിന്നു വിശദീകരണവും തേടിയിട്ടുണ്ട്. 37 ലക്ഷം രൂപയാണ് ഇരകള്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കേണ്ടത്.
ബിജാപൂര്‍ ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലെ 40 സ്ത്രീകള്‍ പോലീസ് ഉദ്യോഗസ്ഥരുടെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായെന്ന് 2015 നവംബറില്‍ ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന് അന്വേഷണം ആരംഭിച്ചത്.