മുംബൈ: ബാന്ദ്ര ടെർമിനസിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ സ്ത്രീ പീഡനത്തിന് ഇരയായി. സംഭവത്തിൽ പോർട്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ആളില്ലാത്ത കോച്ചിൽ ശനിയാഴ്ച രാത്രിയായിരുന്നു അതിക്രമം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
പോലീസ് പറയുന്നത് ഇങ്ങനെ: ഹരിദ്വാറിൽനിന്നു ബന്ധുവിനൊപ്പമാണ് 55 വയസുള്ള സ്ത്രീ ബാന്ദ്രയിലെത്തിയത്. ഇവരെ പ്ലാറ്റ്ഫോമിൽ ഇരുത്തിയശേഷം ജോലിസംബന്ധമായ കാര്യങ്ങൾക്കായി ബന്ധു പുറത്തേക്ക് പോയി. ഇവിടെ വിശ്രമിച്ച സ്ത്രീ പിന്നീട് ആളൊഴിഞ്ഞ ട്രെയിനിൽ കയറിക്കിടന്നു. ഇത് ശ്രദ്ധിച്ച പോർട്ടർ ട്രെയിനിൽകയറി ഇവരെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ റെയിൽവേയും അന്വേഷണം പ്രഖ്യാപിച്ചു.