ഭോപ്പാൽ: മധ്യപ്രദേശിൽ പീഡനക്കേസിൽ 10 വർഷം തടവിനു ശിക്ഷിച്ചതിനെ തുടർന്ന് പ്രതി കോടതിയിൽ ജഡ്ജിയുടെ മുന്നിൽ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. സാഗർ ജില്ലയിലെ ബിന സ്വദേശി ഓംകുമാർ മെഹ്ര (33) ആണ് ജീവനൊടുക്കുവാൻ ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂർച്ചുയുള്ള ആയുധം ഉപയോഗിച്ച് മൂന്ന് തവണയാണ് കഴുത്ത് മുറിക്കുവാൻ ഇയാൾ ശ്രമിച്ചത്. ബിന എണ്ണ ശുദ്ധീകരണ ശാലയിലെ ജീവനക്കാരനായിരുന്ന മെഹ്ര മൂന്നു വർഷം മുമ്പ് ചിതാർപുരിലെ സിവിൽ ലൈനിൽ താമസിച്ചിരുന്ന വിദ്യാർഥിനിയുമായി ഫേസ്ബുക്ക് വഴി സുഹൃത്ത് ബന്ധം സ്ഥാപിച്ചിരുന്നു. പെൺകുട്ടി 2016 മെഹ്രയ്ക്കെതിരെ പീഡനപരാതി നൽകി.
കേസിൽ അറസ്റ്റിലായ മെഹ്ര പിന്നീട് ജാമ്യത്തിലിറങ്ങി. ചെവ്വാഴ്ച അഡീഷണൽ സെഷൻസ് ജഡ്ജ് നോറിൻ നിഗാം കേസിൽ മെഹ്ര കുറ്റക്കാരനാണെന്ന് വിധിക്കുകയും 10 വർഷം തടവിനു ശിക്ഷിക്കുകയും ചെയ്തു. വിധി പുറപ്പെടുവിച്ചതിനു പിന്നാലെ മെഹ്ര പാന്റിനുള്ളിൽനിന്നും മൂർച്ചയുള്ള കത്തിയെടുത്ത് സ്വയം കഴുത്ത് മുറിക്കുകയായിരുന്നു. ജാമ്യത്തിലായിരുന്ന പ്രതി വിധി കേൾക്കാൻ കോടതിയിൽ നേരിട്ട് എത്തുകയായിരുന്നു.