കോൽക്കത്ത: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാത്തതിനെ തുടർന്ന് ആറു മാസം ഗർഭിണിയായ യുവതിയെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൂട്ടമാനഭംഗത്തിനിരയാക്കി. യുവതിയുടെ ബന്ധു നാമനിർദേശ പത്രിക പിൻവലിക്കാൻ കൂട്ടാക്കത്തതിനെ തുടർന്നാണ് ഈ ഹീനകൃത്യം ചെയ്തത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുവതിയുടെ ഭർതൃസഹോദരി ബിജെപി സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയിരുന്നു. പത്രിക പിൻവലിക്കാൻ തൃണമൂൽ പ്രദേശിക നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഇവർ ഇത് ചെവിക്കൊണ്ടില്ല. ഇതിനെ തുടർന്ന് തൃണമൂൽ പ്രവർത്തകർ യുവതിയെ മാനഭംഗത്തിനിരയാക്കുകയായിരുന്നു.
ആറോളം പേർ ചേർന്നാണ് ഇരുപതുകാരിയായ യുവതിയെ പീഡിപ്പിച്ചത്. നാദിയ ജില്ലയിലെ ശാന്തിപുരിൽ ഞായറാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. മൂന്നു വയസുകാരനായ മകനും ഭർതൃമാതാവും മാത്രമാണ് അതിക്രമം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. രാത്രിയിൽ മുപ്പതോളം പേർ വീട്ടിൽ അതിക്രമിച്ചുകയറി സാധനങ്ങള്‍ വലിച്ചുവാരിയിട്ടു. ഇതിൽ ആറോളം പേർ യുവതിയുടെ മുറിയിൽ കടക്കുകയും ഇവരെ മാനഭംഗത്തിനിരയാക്കുകയും ചെയ്തു.
സംഭവം നടക്കുമ്പോൾ യുവതിയുടെ മറ്റു ബന്ധുക്കൾ പുറത്തായിരുന്നു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യപരിശോധന നടത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിട്ടുണ്ട്.