കാസര്‍ഗോഡ്: ഡിഗ്രി വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പരവനടുക്കം ഗവ.എച്ച്എസ്എസിലെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്് കുണ്ടംകുഴി സ്വദേശി രത്നാകരനെ(42) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം.
ബിബിഎം വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഒന്നാം വര്‍ഷ ഡിഗ്രിയുടെ സപ്ലിമെന്റ് പരീക്ഷ എഴുതാനാണ് പരവനടുക്കം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എത്തിയത്. പരീക്ഷയ്ക്ക് ഹാജരായപ്പോള്‍ ഹാള്‍ ടിക്കറ്റ് എടുക്കാന്‍ മറന്നിരുന്നു. ഹാള്‍ ടിക്കറ്റ് ഇന്നലെ രാവിലെ കൊണ്ടുവന്ന് കാണിക്കണമെന്ന ഉപാധിയോടെയാണ് പ്രിന്‍സിപ്പല്‍ പരീക്ഷയ്ക്കിരുത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടി ഹാള്‍ ടിക്കറ്റുമായി ഇന്നലെ സ്കൂളിലെത്തിയത്. പെണ്‍കുട്ടി ഇരുന്ന കസേരയ്ക്കടുത്ത് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വന്നിരിക്കുകയും മുന്‍വശത്ത് പിന്നിട്ട മുടി പിറകിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയും അനാവശ്യ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്.
ഇതോടെ പെണ്‍കുട്ടി മുറിയില്‍ നിന്നും പുറത്തിറങ്ങുകയും നാട്ടുകാരോട് വിവരം പറയുകയുമായിരുന്നു. നാട്ടുകാര്‍ സ്ഥലത്തെത്തി പ്രിൻസിപ്പൽ ഇന്‍ചാര്‍ജിനെ കൈകാര്യം ചെയ്തു. പരിക്കേറ്റ രത്നാകരനെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.