പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 24 കാരനെ ശ്രമകരമായ ദൗത്യത്തിലൂടെ പോലീസ് പിടികൂടി.
കുളത്തൂപ്പുഴ കണ്ടന്‍ചിറ ഡാലി പി ഓയില്‍ ഓയില്‍പാം എസ്റ്റേറ്റ് സനല്‍ ഭവനം വീട്ടില്‍ സനലി (24)നെയാണ് കുളത്തൂപ്പുഴ കണ്ടന്‍ചിറ ഓയില്‍ പാം എസ്റ്റേറ്റ് വനമേഖലയിലെ വാടകവീട്ടില്‍ നിന്നു പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ സാഹസികമായി കീഴ്പ്പെടുത്തിയത്.
പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി യുവാവ് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ഈ ചിത്രങ്ങള്‍ കാണിച്ച് പിന്നീട് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്തതായി പറയുന്നു. പ്രതി കാട്ടിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി മുഴുവന്‍ കുളത്തൂപ്പുഴ വനമേഖലയിലെ ഡാലിചതുപ്പ് എന്ന ഭാഗം കേന്ദ്രീകരിച്ച് പോലീസ് സംഘം തെരച്ചില്‍ നടത്തിയിരുന്നു.
പോലീസ് എത്തിയതറിഞ്ഞ യുവാവ് നിബിഡ വനത്തിനുള്ളില്‍ ഒളിച്ചു. ആനയും മറ്റ് വന്യമൃഗങ്ങളും വ്യാപകമായി കാണപ്പെടുന്ന മേഖലയാണ് ഇവിടം. ഇത് വ്യക്തമായി അറിയാവുന്ന യുവാവിന്റെ നീക്കം അറിയാന്‍ പോലീസ് നന്നേ ബുദ്ധിമുട്ടി. മൊബൈല്‍ റേഞ്ച് കുറവായതും തെരച്ചിലില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
ടവര്‍ ലൊക്കേഷനും കിട്ടാത്ത അവസ്ഥയായിരുന്നു. അപകടസൂചന മുന്നില്‍ക്കണ്ടും വനമേഖലയില്‍ തമ്പടിച്ച പോലീസ് ഇന്നലെ രാവിലെയും തെരച്ചില്‍ തുടര്‍ന്നു. ഇക്കാര്യം മനസിലാക്കിയ സനല്‍ ഉള്‍വനത്തില്‍ നിന്നു പുറത്തുകടന്ന് വാടകവീട്ടിലെത്തി. ഇതറിഞ്ഞ് പോലീസ് ഇവിടെയെത്തി മല്‍പ്പിടിത്തത്തിലൂടെ കീഴടക്കുകയായിരുന്നു.