പത്തനാപുരം: പിഞ്ചു ബാലികയെ പീഡിപ്പിച്ചതിന് അമ്മയുടെ കാമുകൻ റിമാൻഡിൽ. കയ്ക്കാമൺ അംബേദ്ക്കർ കോളനിയിൽ പ്ലോട്ട് നമ്പർ 77 ബി യിൽ സോമന്റെ മകൻ അരുൺകുമാ(21) റിനെയാണ് പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്ത് റിമാൻഡ്് ചെയ്തത്.
അരുൺ പെൺകുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനും ബാലികയുടെ അമ്മയുടെ കാമുകനുമായിരുന്നുവെന്ന് പോലീസ് പറയുന്നു. പെൺകുട്ടിയുടെ അച്ഛൻ കൊലപാതക കേസിൽ ജയിലിലാണ്. പെൺകുട്ടിയെ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചതായി പോലീസ് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപികമാർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അറിയുന്നത്. അധ്യാപകർ പത്തനാപുരം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വനിതാ പോലീസും കുട്ടിയുടെ മൊഴിയെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ അറിവോടെയാണോ പ്രതി പീഡനങ്ങൾ നടത്തി വന്നതെന്നും അന്വേഷിക്കുന്നുണ്ട്. പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് നാട്ടുകാർ പറയുന്നു. പ്രായപൂർത്തിയാകാത്ത മറ്റൊരാൾ കൂടി പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്.
അയാളെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പത്തനാപുരം പോലിസ് സർക്കിൾ ഇൻസ്പെക്ടർ വി.അനിൽകുമാർ എസ്ഐ സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കേസെടുത്തു. സംഭവം വനിതാ കമ്മീഷനും അന്വേഷിക്കുന്നുണ്ട്.