പൂന: ഭിന്നശേഷിക്കാരിയായ ആശുപത്രി ജീവനക്കാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നാലു സൈനികർക്കെതിരേ കേസ്. പൂന പോലീസാണു കേസെടുത്തത്. 2015-ൽ പൂനയിലെ സൈനിക ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്ന യുവതിയെ ഇതേ ആശുപത്രിയിൽ ജോലി നോക്കിയിരുന്ന സൈനികൻ പീഡിപ്പിക്കുകയായിരുന്നു. ഇതു സംബന്ധിച്ചു പരാതി അറിയിച്ച മറ്റൊരു സൈനികനും യുവതിയെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്തു. കുറച്ചു ദിവസങ്ങൾക്കുശേഷം മറ്റു രണ്ടു സൈനികർ കൂടി ബധിരയും മൂകയുമായ യുവതിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു.
ഈ വർഷമാണ് യുവതി പീഡനം സംബന്ധിച്ച് ഒരു എൻജിഒയ്ക്കു വിവരം നൽകുന്നത്. ഇതേതുടർന്ന് എൻജിഒ അധികൃതർ ഇൻഡോർ പോലീസിൽ പരാതി സമർപ്പിച്ചു. ഇൻഡോർ പോലീസ് കേസ് പൂന പോലീസിനു കൈമാറി. സംഭവത്തിൽ സൈന്യവും പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.