ഭോപ്പാല്‍: മധ്യപ്രദേശില്‍ പീഡനക്കേസില്‍ ശിക്ഷായിളവ് ലഭിച്ചു പുറത്തിറങ്ങിയയാൾ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ നരസിംഗഢ് സ്വദേശിനിയായ 11കാരിയാണ് ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.
ബധിരയും മൂകയുമായ 11കാരിയെ ഈമാസം ഒന്നിനു രാത്രിയോടെ നരസിംഗഢിലെ വീട്ടില്‍നിന്നു കാണാതായിരുന്നു. അടുത്തദിവസം രാവിലെ കുറ്റിക്കാട്ടില്‍നിന്നു ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ എട്ടിനാണ് കുട്ടി മരിച്ചത്.
കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് രണ്ടുതവണ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അറസ്റ്റിലായ രമേഷ് സിംഗ് എന്ന് പോലീസ് വ്യക്തമാക്കി. പ്രതി സീരിയല്‍ റേപ്പിസ്റ്റാണെന്നും പോലീസ് പറഞ്ഞു. 2003ല്‍ ഷാജാപുരിലെ മുബാരിക്പുര്‍ ഗ്രാമത്തിലെ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനാണ് ഇയാള്‍ ആദ്യമായി പിടിക്കപ്പെട്ടത്.
ശിക്ഷ കഴിഞ്ഞ് 2013ല്‍ പുറത്തിറങ്ങിയ പ്രതി തൊട്ടടുത്ത വര്‍ഷം മറ്റൊരു പെണ്‍കുട്ടിയെ ആക്രമിച്ചു. 2014ല്‍ സെഹോര്‍ ജില്ലയിലെ ആഷ്ത നഗരത്തില്‍നിന്ന് എട്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ രമേഷിനു കോടതി വധശിക്ഷ വിധിച്ചു. എന്നാൽ, നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് രമേഷ് സ്വതന്ത്രനായി പുറത്തിറങ്ങി. അതാകട്ടെ വീണ്ടുമൊരു പെണ്‍കുട്ടിയുടെ ജീവനെടുക്കുന്നതിൽ കലാശിച്ചു.