ഹൈദരാബാദ്: നാട്ടുകാർ നോക്കിനിൽക്കെ വഴിവക്കിൽ സ്ത്രീ മാനഭംഗത്തിനിരയായി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു ഞായറാഴ്ചയാണു സംഭവം. സ്ത്രീയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഒരു ദേശീയ ചാനൽ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
വിശാഖപട്ടണം റെയിൽവെ സ്റ്റേഷനു സമീപം മരച്ചുവട്ടിലിരുന്ന മാനസിക വൈകല്യമുള്ള സ്ത്രീയെയാണ് പരസ്യമായി മാനഭംഗപ്പെടുത്തിയത്. ഒരു ഓട്ടോ ഡ്രൈവറാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. തുടർന്ന് ഇയാൾ പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ പോലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. ആക്രമണത്തിനിരയായ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. ഗഞ്ചി ശിവ എന്ന യുവാവ് മദ്യലഹരിയിലാണ് സ്ത്രീയെ ആക്രമിച്ചതെന്നാണു പോലീസ് പറയുന്നത്.
വഴിവക്കിൽ സ്ത്രീ ആക്രമിക്കപ്പെടുന്ന സമയത്ത് നിരവധിപേർ ഫുട്പാത്തിലൂടെ നടക്കുന്നുണ്ടെങ്കിലും ആരും സ്ത്രീയെ സഹായിക്കാൻ തയാറാകുന്നില്ലെന്നും ചാനൽ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ കാണാൻ കഴിയും.