കൊച്ചി: വിവാഹ വാഗ്ദാനം നല്കി എറണാകുളത്തെ പ്രമുഖ മാളിലെ സ്റ്റോർ ജീവനക്കാരിയെ പീഡിപ്പിച്ച അതേ സ്ഥാപനത്തിലെ അസി. സെക്യൂരിറ്റി ഓഫീസര്‍ അറസ്റ്റില്‍.
പാലക്കാട് ആലത്തൂര്‍ അന്തൂര്ക്കാട് വീട്ടില്‍ രമേഷ് കൃഷ്ണ(31)യെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്, എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഭാര്യയും രണ്ടു മക്കളുമുള്ള പ്രതി സ്ഥാപനത്തിലെ ജീവനക്കാരിയായ 19കാരിയെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു.
താന്‍ ഭാര്യയുമായി പിരിഞ്ഞ് കഴിയുകയാണെന്നും വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം പരാതിക്കാരിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്കി വിശ്വസിപ്പിച്ച് മാര്‍ച്ച് ഒമ്പത് മുതല്‍ ഏപ്രില്‍ ആറ് വരെയുള്ള സമയങ്ങളില്‍ വൈപ്പിന്‍ ബീച്ചിലും കച്ചേരിപ്പടി, കതൃക്കടവ് എന്നിവിടങ്ങളിലെ ഹോട്ടലുകളിലും കൊണ്ടുപോയി പല തവണ പീഡിപ്പിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.