കോൽക്കത്ത: നാലു വയസുകാരിയെ പീഡിപ്പിച്ച കായിക അധ്യാപകർ അറസ്റ്റിൽ. ദക്ഷിണ കോൽക്കത്തയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മിഠായി കാണിച്ച് കുട്ടിയെ അധ്യാപകർ ശൗചാലയത്തിലെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഭയന്നുപോയ കുട്ടി സംഭവം വീട്ടിൽ അറിയിച്ചില്ല. എന്നാൽ മൂത്രത്തിൽ രക്തം കണ്ടതിനെത്തുടർന്ന് കുട്ടിയുടെ അമ്മ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയത്.
തുടർന്ന് കുട്ടിയുമായി മാതാപിതാക്കൾ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സ്കൂളിലെ കായിക അധ്യാപകരായ അവിഷേക് റോയി, മൊഫിസുൾ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെത്തുടർന്ന് സ്കൂളിനുമുന്നിൽ മാതാപിതാക്കൾ പ്രതിഷേധം നടത്തി. സംഭവം ഹീനവും നാണക്കേട് ഉണ്ടാക്കുന്നതുമായിപ്പോയതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.