കോഴിക്കോട്: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ ബിജെപി അധ്യാപക നേതാവിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ്. ഇയാളെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനാകുമെന്ന് എസ്ഐ കെ. രവീന്ദ്രന് പറഞ്ഞു. എടക്കര എഎസ്യുപി സ്കൂള്‍ അധ്യാപകനും ബിജെപിയുടെ അധ്യാപക സംഘടനയായ നാഷണല്‍ ടീച്ചേഴ്സ് യൂണിയന് സംസ്ഥാന നേതാവുമായ ടി.എ. നാരായണനാണ് പീഡന ക്കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മുങ്ങിയത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരായ പോസ്കോ നിയമം അനുസരിച്ചാണ് കേസ്.
വിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്ഡ്ലൈന് അധികൃതര്‍ നേരത്തെ സ്കൂളിലെത്തി കുട്ടികളില്‍ നിന്നും രേഖാമൂലം പരാതി എഴുതിവാങ്ങിയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനികളെ ഇന്നലെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി മജിസ്ട്രേറ്റിന് മൊഴിയും നല്കി. പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സ്കൂളില്‍ വൈകുന്നേരം പ്രത്യേക ക്ലാസ് നടക്കാറുണ്ട്. ഇതിന് എത്തുന്ന ഏഴ് വിദ്യാര്‍ഥിനികളെയാണ് അധ്യാപകന് നിരന്തരം ശല്യം ചെയ്തത്. ആണ്‍കുട്ടികളെ ക്ലാസില്‍ നിന്നും ഒഴിവാക്കിയ ശേഷമായിരുന്നു ഇത്. പെണ്‍കുട്ടികള്‍ നല്കിയ വിവരത്തെതുടര്‍ന്ന് രണ്ട് രക്ഷിതാക്കളാണ് കഴിഞ്ഞ ദിവസം സ്കൂള്‍ പ്രധാനധ്യാപിക ശ്യാമളയ്ക്ക് പരാതി നല്‍കിയത്.
പ്രധാനാധ്യാപികയാണ് വിവരം ചൈല്‍ഡ്ലൈനിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്കൂളിലെത്തി രണ്ട് കുട്ടികളില്‍നിന്നും പരാതി രേഖാമൂലം എഴുതിവാങ്ങിയതിന് ശേഷം നാരായണനെതിരെ സ്കൂള്‍ പ്രധാനധ്യാപിക അത്തോളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അഞ്ചു വര്‍ഷംമുമ്പ് ഇതേ അധ്യാപകന് ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ സമാന പരാതി ഉണ്ടായിരുന്നു. അന്ന് അജിത് എന്ന അധ്യാപകനെ സര്‍വീസില്‍നിന്നും സസ്പെന്‍ഡ് ചെയ്യുകയും നാരായണനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.