തലശേരി: എട്ടാം ക്ലാസ് വിദ്യാർഥിനിയെ ശീതളപാനീയത്തില്‍ മയക്കു മരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ എഫ്ഐആര്‍ പ്രകാരം പ്രതി ചേര്‍ക്കപ്പെട്ട പ്ലസ് വണ്‍ വിദ്യാർഥിയെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ടൗണ്‍ സിഐ കെ.ഇ പ്രേമചന്ദ്രന് തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
കോട്ടയം സ്വദേശിയും ഇപ്പോള്‍ കോഴിക്കോട് പ്ലസ്ടുവിന് പഠിക്കുകയും ചെയ്യുന്ന പതിനേഴുകാരനെയാണ് പ്രതിപ്പട്ടികയില്‍ നിന്നും പോലീസ് ഒഴിവാക്കിയത്. പെണ്‍കുട്ടി ഒടുവില്‍ നല്കി മൊഴിയില്‍ വടകര സ്വദേശിയായ യുവാവാണ് പീഡിപ്പിച്ചതെന്ന പറഞ്ഞതോടെ വടകര സ്വദേശിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട വിദ്യാര്‍ഥി പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്ന് വിശദമായ അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് പ്രതിപട്ടികയില്‍ നിന്നും വിദ്യാര്‍ഥിയെ ഒഴിവാക്കി കൊണ്ട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
പോലീസിന് നല്കിയ മൊഴിയില്‍ കോട്ടയം സ്വദേശിയായ വിദ്യാർഥിയുടെ പേര് പറഞ്ഞ പെണ്‍കുട്ടി 164 പ്രകാരം പയ്യന്നൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ രഹസ്യ മൊഴിയില്‍ ഇതേ വിദ്യാർഥിയുടെ പേര് പറഞ്ഞിരുന്നില്ല.
എന്നാല്‍ മറ്റൊരു പ്രതിയായ പിതൃ സഹോദരിയുടെ പേര് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ദുരൂഹതകള്‍ ഏറുന്ന ഈ കേസില്‍ പെണ്‍കുട്ടി നല്കിയ ആദ്യ മൊഴിയനുസരിച്ച് പെണ്‍കുട്ടിയുടെ പിതൃസഹോദരിയും കോട്ടയം സ്വദേശിയായ വിദ്യാർഥിയുമാണ് പ്രതി ചേര്‍ക്കപ്പെട്ട രണ്ട് പേര്.
നിലവില്‍ വിദ്യാർഥി പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ പിതൃസഹോദരി മാത്രമാണ് പ്രതി പട്ടികയിലുള്ളത്. എന്നാല്‍ പിതൃസഹോദരിയുടെ പങ്ക് സംബന്ധിച്ചും പോലീസിന് ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതാരാണെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട വടകര സ്വദേശിയായ യുവാവിനേയും ഒരു ഓട്ടോറിക്ഷ ഡ്രൈവറേയും പോലിസ് ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ ഇവരുടെ പങ്ക് സംബന്ധിച്ചും വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.